ടെഹ്റാൻ: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവില്‍ യുഎസിനേക്കാള്‍ ശക്തവും അന്തസുറ്റതുമായ നിലപാടിലാണ് ഇറാനുള്ളതെന്നും യുദ്ധത്തില്‍ തങ്ങള്‍ക്കാണു വിജയമെന്ന് ലോകം അംഗീകരിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.,
ടെഹ്റാനില്‍ നടന്ന "ഇസ്ലാമിക് അസോസിയേഷൻ ഓഫ് ദി ഇറാനിയൻ മെഡിക്കല്‍ സൊസൈറ്റി'യുടെ 31-ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് പെസഷ്കിയാൻ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അമേരിക്ക ഇറാന്റെ സ്കൂളുകളും ആശുപത്രികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുകയായിരുന്നെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണില്‍ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണാപത്രം ഇറാന്റെ കീഴടങ്ങലല്ലെന്നും വ്യവസ്ഥകളെല്ലാം എതിർഭാഗത്തിന് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കങ്ങള്‍ക്കു പകരം ഇറാനെ സാമ്പത്തികമായി തകർക്കാൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധങ്ങള്‍ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള പെസെഷ്കിയാന്റെ പ്രസ്താവന ശ്രദ്ധേയമാണ്. അമേരിക്കയുടെ പുതിയ ഉപരോധനീക്കം സാമ്പത്തിക ഭീകരവാദവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.
അതേസമയം, ഇറാനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ ചൈന വിമർശിച്ചു. ഉപരോധങ്ങളും സൈനികശക്തി ഉപയോഗിച്ചുള്ള ഭീഷണികളും മേഖലയിലെ സംഘർഷങ്ങള്‍ കൂടുതല്‍ വർധിപ്പിക്കുകയേയുള്ളൂവെന്നും നയതന്ത്ര ചർച്ചകളിലൂടെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.