സെലെൻസ്കിയുടെ ജന്മനഗരത്തിന് നേരെ റഷ്യൻ ഡ്രോണ്‍ ആക്രമണം; 14 മരണം, 121 പേര്‍ക്ക് പരിക്ക്

കൈവ്: സെൻട്രല്‍ ഉക്രെയ്നിലെ ക്രൈവി റിഹ് നഗരത്തില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 14 പേർ കൊല്ലപ്പെടുകയും 121 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു

പരിക്കേറ്റവരില്‍ 22 കുട്ടികളും ഉള്‍പ്പെടുന്നതായി റിപ്പോർട്ടുണ്ട്. നഗരത്തിലെ ഒരു ഷോപ്പിങ് മാളിന് നേരെയായിരുന്നു ആക്രമണം. ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുടെ ജന്മനഗരമാണ് ക്രൈവി റിഹ്. നഗരത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴാണ് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച ഉക്രെയ്‌നിലെ വിവിധ മേഖലകളിലുണ്ടായ റഷ്യൻ ആക്രമണങ്ങളില്‍ ആകെ 20 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖാർകിവ് മേഖലയിലെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് വയോധികർ കൊല്ലപ്പെട്ടു. മൈക്കോളൈവ് മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചതായും അധികൃതർ അറിയിച്ചു.

നേരത്തെ ഉക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെയുണ്ടായ റഷ്യൻ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിച്ചത്.

അതേസമയം, റഷ്യൻ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടും ഉക്രെയ്ൻ ഡ്രോണ്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റഷ്യയിലെ ബെല്‍ഗറോഡ് മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യൻ അധികൃതർ അറിയിച്ചു.

ഉക്രെയ്ൻ അതിർത്തിയില്‍ നിന്ന് 1,600 കിലോമീറ്ററിലധികം അകലെയുള്ള പെർം നഗരത്തിലെ ലൂക്കോയില്‍ എണ്ണ ശുദ്ധീകരണശാലയ്ക്കും വോള്‍ഗോഗ്രാഡ് മേഖലയിലെ മരിനോവ്ക സൈനിക വിമാനത്താവളത്തിനും നേരെ ഉക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. എണ്ണ ശുദ്ധീകരണശാലയിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഏകദേശം 500 ഉക്രെയ്ൻ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു. സമാധാന ചർച്ചകളിലെ ശ്രമങ്ങള്‍ ഫലപ്രദമാകാതെ വന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ആക്രമണം ശക്തമാക്കുന്ന സാഹചര്യമാണുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !