ജിദ്ദ: ജിദ്ദയുടെ വടക്കൻ തീരത്ത് ചെങ്കടലിൽ സ്ഥിതിചെയ്യുന്ന അൽറഹ്മ മസ്ജിദ് ഇസ്ലാമിക വാസ്തുവിദ്യ കൊണ്ടും കടലിലെ സ്ഥാനംകൊണ്ടും പതിറ്റാണ്ടുകളായി ശ്രദ്ധാകേന്ദ്രമാണ്.
കടലിൽ നിർമ്മിച്ചതിനാൽ 'ഫ്ലോട്ടിങ് മോസ്ക്' എന്ന പേരിൽ സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ പള്ളി ഏറെ പ്രശസ്തമാണ്. പതിറ്റാണ്ടുകളായി ജിദ്ദയുടെ കടൽത്തീരത്തിന്റെ ദൃശ്യ ഐഡന്റിറ്റി രൂപപ്പെടുത്തിയ നഗര ലാൻഡ്മാർക്കുകളിൽ ഒന്നായി ഇത് മാറിയിരിക്കുന്നു.കടലിൽ കോണ്ക്രീറ്റ് തൂണുകളിലാണ് മസ്ജിദ് പണിതുയർത്തിയത്. വെള്ളത്തിൽ നിന്ന് അധികം ഉയരത്തിലല്ലാതെ നിസ്കരിക്കാനുള്ള സ്ഥലം ഒരുക്കിയിരിക്കുന്നു. അംഗശുദ്ധി വരുത്താനും മറ്റുമുള്ള സൗകര്യങ്ങളും ഈ കെട്ടിടത്തിൽ തന്നെയുണ്ട്.
ഇസ്ലാമിക വാസ്തുവിദ്യയുടെ ഘടകങ്ങളെ ആധുനിക ശൈലികളുമായി സംയോജിപ്പിച്ചാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. മധ്യഭാഗത്തായി പ്രധാന താഴികക്കുടം സ്ഥിതിചെയ്യുന്നു. ചുറ്റും ചെറിയ താഴികക്കുടങ്ങളും കമാനങ്ങളും മറ്റ് അലങ്കാര ഘടകങ്ങളും കാണാം. ഏറ്റവും ഉയരത്തിലുള്ള ഒറ്റ മിനാരം പള്ളിക്ക് സവിശേഷമായ ഭംഗിയും ദൂരക്കാഴ്ചയും നല്കുന്നു.
അൽറഹ്മ മസ്ജിദ് നഗരത്തിലെ ലാന്ഡ്മാർക്ക് മാത്രമല്ല, ജിദ്ദയുടെ സാംസ്കാരികയുടെ പ്രതീകം കൂടിയാണ്. ഇതിന്റെ വാസ്തുവിദ്യ ചുറ്റുപാടുമുള്ള പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്ന വിധത്തിലാണ്. കോർണിഷിൽ എത്തുന്ന സന്ദർശകർക്ക് മനോഹര കാഴ്ചയും നിസ്കരിക്കാനുള്ള ഇടവും കൂടിയാണിത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.