മഹാരാഷ്ടട്ര: അനുമതിയില്ലാതെ സ്കൂളില്‍ പ്രവേശിച്ച് അധ്യാപകരെ ചോദ്യം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കണ്‍വീനർ അഭിജിത് ദീപ്കെയ്ക്കെതിരേ പോലീസ് കേസെടുത്തു.
കൂടെയുണ്ടായിരുന്ന അജയ് ഷിൻഡെ, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ എന്നിവർക്കെതിരേയും കേസെടുത്തു. കഴിഞ്ഞ 20ന് ലാത്തൂർ ജില്ലയിലെ ഉർദ്ധ് ഔസയിലുള്ള ജില്ലാ പരിഷത്ത് സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിലെ 53കാരനായ ജീവനക്കാരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഔസ പോലീസ് ഇന്നലെ കേസെടുത്തത്.അനുമതിയില്ലാതെ സ്കൂളിനുള്ളില്‍ കയറിയ സംഘം ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കിടയില്‍ ഇരുന്ന് പഠനത്തെക്കുറിച്ചും സർക്കാർ ജോലികളെക്കുറിച്ചും ചോദിച്ച് ക്ലാസുകളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണു പ്രധാന പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മറ്റു സ്കൂളുകളിലെ കുട്ടികളെ കൊണ്ടുവന്നിരുത്തിയാണ് ക്ലാസ് നടത്തുന്നതെന്ന് ആരോപിച്ച് സ്കൂളിനെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
ചോദ്യം ചെയ്ത അധ്യാപകനോട് അപമര്യാദയായി സംസാരിക്കുകയും സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തില്‍ അഭിജിത് ദീപ്കെ ആരംഭിച്ച ‘സ്കൂള്‍ ഠീക് കരോ’പ്രചാരണത്തിന്റെ ഭാഗമായാണ് ഇവർ സ്കൂളിലെത്തിയത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.