ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പനാമ പതാക ഘടിപ്പിച്ച ചരക്കുകപ്പല്‍ മുങ്ങി. 24 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന 'എം.വി ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലിലുണ്ടായിരുന്ന 22 പേരെ കാണാതായിട്ടുണ്ട്. രണ്ടുപേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.ഒഡീഷയിലെ പാരദീപില്‍ നിന്ന് 72,000 ടണ്ണിലധികം ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഓഗസ്റ്റ് 20-ന് രാത്രി 10.42-നാണ് പാരദീപ് തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. ജീവനക്കാരില്‍ 20 പേർ ചൈനീസ് പൗരന്മാരും മൂന്നുപേർ മ്യാൻമർ സ്വദേശികളും ഒരാള്‍ ബംഗ്ലാദേശ് പൗരനുമാണ്. കാണാതായവർക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്.
ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് 11.48-ഓടെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഉടമസ്ഥരില്‍ നിന്ന് വിജി അഡ്മിനിസ്ട്രേഷനിലെ മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്ററിന് സന്ദേശം ലഭിക്കുന്നത്. തുടർന്ന് സമീപത്തുണ്ടായിരുന്ന 'എം.ടി ഐസോപോസ്' എന്ന വാണിജ്യ കപ്പലിനെ തിരച്ചിലിനായി തിരിച്ചുവിട്ടു. ഇവർ നടത്തിയ തിരച്ചിലിലാണ് ലൈഫ് റാഫ്റ്റുകളില്‍ നിന്നായി രണ്ടുപേരെ രക്ഷപ്പെടുത്തിയത്.
തിരച്ചില്‍ ഊർജ്ജിതമാക്കാൻ കോസ്റ്റ് ഗാർഡ് 'വരാദ്', 'അൻമോള്‍', 'വിജിത്' എന്നീ മൂന്ന് കപ്പലുകള്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പാരദീപില്‍ നിന്ന് 290 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് സിഗ്നല്‍ പരിധിക്ക് പുറത്തായ കപ്പലിന്റെ സാങ്കേതിക തകരാറാണോ അതോ അടിയന്തര സാഹചര്യമാണോ അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് ഉള്‍പ്പെടെയുള്ള ഏജൻസികള്‍ പരിശോധിച്ച് വരികയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.