ടെഹ്‌റാൻ: മുകളിലൂടെ നോക്കിയാല്‍ സാധാരണ ഭൂമി, പക്ഷേ അതിനടിയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ വലിയ ശേഖരം. അമേരിക്കയുമായുള്ള ചർച്ചകള്‍ അനിശ്ചിതമായി തുടരുന്നതിനിടെ ഇറാൻ പുറത്തുവിട്ട ഭൂഗർഭ മിസൈല്‍ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇറാൻ ഈ ഭൂഗർഭ ആയുധ സമുച്ചയങ്ങളെ 'മിസൈല്‍ സിറ്റികള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇറാൻ സായുധസേനാ മേധാവി മേജർ ജനറല്‍ അലി അബ്ദൊല്ലാഹി ഇത്തരമൊരു ഭൂഗർഭ മിസൈല്‍ കേന്ദ്രം സന്ദർശിക്കുന്നതും വീഡിയോയില്‍ കാണാം.കെയ്‌ബർ ഷെകൻ, ഖദർ, സെജ്ജില്‍ ഉള്‍പ്പെടെയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇത്തരം ഭൂഗർഭ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതായി ഇറാൻ വ്യക്തമാക്കുന്നു. സന്ദർശനത്തിനിടെ ആയുധ ഉല്‍പ്പാദനം വർധിച്ചതായും പുതിയ സംവിധാനങ്ങള്‍ കൂടുതല്‍ ശേഷിയുള്ളവയാണെന്നും അവ കൂടുതല്‍ എണ്ണത്തില്‍ നിർമിക്കുന്നുണ്ടെന്നും ഇറാൻ അവകാശപ്പെടുന്നു.
ഭൂഗർഭ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ആയുധശേഖരവും മിസൈല്‍ സംവിധാനങ്ങളും പുറംലോകത്തിന്റെ നിരീക്ഷണത്തില്‍നിന്ന് സംരക്ഷിക്കാനുള്ള ശേഷിയാണ് ഇറാൻ പ്രദർശിപ്പിക്കുന്നത്. ഇറാൻ നേരത്തെയും ഇത്തരം ഭൂഗർഭ മിസൈല്‍ ശൃംഖലകള്‍ പുറത്തുകാട്ടിയിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകള്‍ വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനവും ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. തമ്മിലുണ്ടായിരുന്ന വെടിനിർത്തല്‍ ധാരണ അന്തിമ കരാറിലെത്താതെ കാലഹരണപ്പെട്ടതായാണ് റിപ്പോർട്ട്. ധാരണ ലംഘിച്ചുവെന്ന ആരോപണം ഇരുപക്ഷവും പരസ്പരം ഉന്നയിക്കുകയും ചെയ്തു. അതിനിടെയാണ് ഇറാൻ തന്റെ മിസൈല്‍ ഉല്‍പ്പാദനശേഷിയും ഭൂഗർഭ ആയുധകേന്ദ്രങ്ങളും വീണ്ടും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
അതിനാല്‍ തന്നെ ഈ സന്ദർശനം ഒരു സാധാരണ സൈനിക പരിശോധനയേക്കാള്‍ വലിയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചകള്‍ മുടങ്ങിയാലും മിസൈല്‍ ശേഷി നിലനില്‍ക്കുന്നുവെന്നും പുതിയ ആയുധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമായും വലിയ തോതിലും നിർമിക്കുന്നുവെന്നുമുള്ള സൂചനയാണ് ഇറാൻ നല്‍കുന്നത്.
ഭൂമിക്കടിയിലെ ഈ 'മിസൈല്‍ നഗരങ്ങള്‍' എത്രത്തോളം സജീവമാണെന്നും അവയുടെ യഥാർഥ ശേഷി എത്രയാണെന്നും വ്യക്തമാകേണ്ടതുണ്ടെങ്കിലും, ഇപ്പോഴത്തെ പ്രദർശനം അമേരിക്ക-ഇറാൻ സംഘർഷത്തിലെ സൈനിക സമ്മർദം വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.