ഇനി രണ്ട് മാസം മാത്രം; ലോകാവസാനം നവംബര്‍ 13ന്? സംഭവിക്കാൻ പോകുന്നത്

സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുവെന്ന് അറിയപ്പെടുന്ന ഏക ഗ്രഹമാണ് ഭൂമി. ഏകദേശം നാലര ബില്യണ്‍ വർഷങ്ങള്‍ക്ക് മുൻപ് ഭൂമി രൂപപ്പെട്ടതായാണ് കരുതുന്നത്.

ഭൂമിയുടെ ഉത്ഭവം മുതല്‍ ഇന്നുവരെ നിരവധി മാറ്റങ്ങള്‍ക്കാണ് മനുഷ്യരാശി സാക്ഷ്യം വഹിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നും പല ചോദ്യങ്ങള്‍ക്കും നമുക്ക് ഉത്തരം ലഭിച്ചിട്ടില്ല. അതില്‍ പലരും ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒന്നായിരിക്കും ലോകാവസാനം. ഇതിനെ സംബന്ധിച്ച്‌ പല പ്രവചനങ്ങളും ഇന്ന് ചുറ്റിക്കറങ്ങുന്നുണ്ട്. അതില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത് ഗണിതശാസ്ത്രജ്ഞരുടെ ചില പ്രവചനങ്ങളാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രവചനം നടന്നത് 1960ല്‍

1960ല്‍ സയൻസ് ജേണലിലാണ് ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം നവംബർ 13 വെള്ളിയാഴ്ച ലോകാവസാനത്തിലേക്ക് പോകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ ദിവസം ലോകത്തിലെ ജനസംഖ്യ അനന്തതയിലേക്ക് കുതിക്കുമെന്നാണ് പറയപ്പെടുന്നത്.

ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനും സൈബർനെറ്റിക്സ് വിദഗ്ധനുമായ ഹെയ്ൻസ് ഫോസ്റ്റർ, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ പട്രീഷ്യ എം, മോറ, ലോറൻസ് ഡബ്ല്യു, അമിയോട്ട് എന്നിവരാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. ഏകദേശം രണ്ടായിരം വർഷത്തെ രേഖപ്പെടുത്തിയ ജനസംഖ്യാ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ പഠനം.

 ഡൂംസ്ഡേ: ദ ഫ്രൈഡേ, 13 നവംബർ, എ ഡി 2026' എന്നായിരുന്നു ആ പഠനത്തിന്റെ പേര്. രണ്ടായിരം വർഷത്തെ ജനസംഖ്യാ വളർച്ച വിശകലനം ചെയ്ത പരമ്പരാഗതമായ എക്സ്‌പോണൻഷ്യല്‍ വളർച്ചാ മാതൃകകള്‍ക്ക് അപ്പുറം മനുഷ്യ ജനസംഖ്യ വളരുന്നത് 'ഹൈപ്പർബോലിക്' ഗതിയിലാണെന്ന് കണ്ടെത്തി. അതായത് ജനസംഖ്യ ഇരട്ടിയാകാൻ എടുക്കുന്ന കാലയളവ് ഓരോ നൂറ്റാണ്ടിലും കുറഞ്ഞുവരികയും വളർച്ചാ വേഗത ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

നവംബർ 13 2026

ഹെയ്ൻസ് ഫോസ്റ്റിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം മുൻകാലങ്ങളില്‍ ജനസംഖ്യ ഇരട്ടിയാകാൻ നൂറ്റാണ്ടുകള്‍ ആവശ്യമായിരുന്നെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലേക്ക് എത്തിയപ്പോഴേക്കും ഈ വിടവ് ഗണ്യമായി കുറഞ്ഞു. 1960ല്‍ നിലനിന്നിരുന്ന വളർച്ചാ നിരക്ക് തുടരുകയാണെങ്കില്‍ ഓരോ ഇരട്ടിപ്പിക്കലും തമ്മിലുള്ള സമയവ്യത്യാസം പൂജ്യത്തിലേക്ക് അടുക്കുന്ന ഒരു നിർണായക അന്തിമബിന്ദു ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആ നിമിഷത്തില്‍ ജനസംഖ്യ അനന്തതയിലേക്ക് കുതിക്കും. തങ്ങളുടെ ഗണിതശാസ്ത്ര മാതൃകയുടെ കൃത്യത പരിശോധിച്ച്‌ ഫോസ്റ്ററും സംഘവും ആ നിമിഷത്തിന്റെ കൃത്യമായ തീയതിയായി പറഞ്ഞത് നവംബർ 13 2026 ആണ്. ഒരു അപ്പോക്കലിപ്റ്റിക് (ലോകാവസാനത്തെക്കുറിച്ചോ ഭൂമിയുടെ സർവനാശത്തെക്കുറിച്ചോ സൂചിപ്പിക്കുന്നതിനെയാണ് അപ്പോക്കലിപ്റ്റിക് എന്ന് പറയുന്നത്) സംഭവത്തെയല്ല ഗവേഷകർ കുറിക്കുന്നത്. മറിച്ച്‌ വിഭവങ്ങളുടെ കുറവ്, പട്ടിണി, മനുഷ്യർ തിങ്ങിനിറയുന്നത് എന്നിവ അവസ്ഥ ഉണ്ടാകുമെന്നാണ് പറയുന്നത്.

 പ്രവചനത്തിന്റെ പോരായ്മ

പ്രവചന ദിവസത്തിന് ഇനി വെറും രണ്ട് മാസം മാത്രം ശേഷിക്കേ ഈ പ്രവചനം തെറ്റാണെന്നാണ് ഗവേഷകർ പറയുന്നത്. പ്രകൃതിയും മാനവരാശിയും ഫോസ്റ്ററുടെ ഗണിത മാതൃകയ്ക്ക് തികച്ചും വീപരിതമായ ദിശയിലാണ് പോകുന്നത്. 1960 ഫോസ്റ്റർ പഠനം നടത്തുമ്പോള്‍ ലോക ജനസംഖ്യ ഏകദേശം മൂന്ന് ബില്യണ്‍ (300 കോടി) ആയിരുന്നു. 1963 ഓടെ ആഗോള ജനസംഖ്യാ വളർച്ചാനിരക്ക് അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 2.2ശതമാനത്തില്‍ എത്തിയെങ്കിലും അതിനുശേഷം ഈ നിരക്ക് താഴേക്ക് ഇറങ്ങി.

അന്താരാഷ്ട്ര സെൻസസ് ഏജൻസികളുടെയും ഐക്യരാഷ്ട്രസഭയുടെയും കണക്കുകള്‍ പ്രകാരം 2026ല്‍ ആഗോള ജനസംഖ്യാ വളർച്ചാനിരക്ക് 0.84ശതമാനമാണ്. ഇന്ന് ലോക ജനസംഖ്യ 8.2 ബില്യണ്‍ കടന്നിട്ടുണ്ടെങ്കിലും ഫോസ്റ്റർ പ്രവചിച്ചതുപോലെ ജനസംഖ്യ അനന്തതയിലേക്ക് എത്തുന്ന സാഹചര്യമില്ലെന്ന് മറ്റ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 

വിദ്യാഭ്യാസം, മെച്ചപ്പെട്ട നഗരവല്‍ക്കരണം, സ്ത്രീശാക്തീകരണം, കൃത്രിമ ഗർഭനിരോധന മാർഗങ്ങളുടെ വ്യാപനം, ജീവിതച്ചെലവിലുള്ള വർദ്ധനവ് എന്നിവ ലോകത്ത് ജനനനിരക്ക് കുത്തനെ കുറയ്ക്കാൻ കാരണമായെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

നവംബർ13 ലോകാവസാനം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ അത് സംഭവിക്കില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !