ദുബൈ: സ്പോണ്‍സര്‍മാരില്ലാതെ സൗദിയില്‍ സ്വതന്ത്രമായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരും. നിയമം തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ 50,000 റിയാല്‍ വരെ പിഴയും ആറ് മാസം തടവും നാടുകടത്തലും നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
പ്രവാസികള്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങളും അതത് സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന മറ്റു നിര്‍ദേശങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. നിയമപരമായി അനുവദനീയമായ തൊഴില്‍ ചട്ടക്കൂടിന് പുറത്തുള്ള പ്രവാസികള്‍ സ്വയം തൊഴില്‍ ചെയ്യുന്നത് ഒരു ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നിയമലംഘനങ്ങളില്‍ ആദ്യത്തെ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴയും നാടുകടത്തലും ലഭിക്കും. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ കൂടും.രണ്ടാം തവണ നിയമം ലംഘിച്ചാല്‍ 25,000 റിയാല്‍ പിഴയും ഒരു മാസത്തെ തടവും നാടുകടത്തലും ലഭിക്കും. മൂന്നാമത്തെയോ തുടര്‍ന്നുള്ളതോ ആയ നിയമ ലംഘനങ്ങളില്‍ 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ലഭിക്കും.
ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിലുള്ളവര്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് നിയമലംഘനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.