ന്യൂഡല്‍ഹി: പാകിസ്ഥാനിലേക്ക് തുർക്കിയുടെ സൈനിക ഗതാഗത വിമാനങ്ങള്‍ തുടർച്ചയായി എത്തിയതില്‍ ഇന്ത്യൻ പ്രതിരോധ മേഖലയില്‍ ആശങ്ക.ഉണ്ടാക്കുന്നതായി റിപ്പോർട്ട്.
ഓഗസ്റ്റ് 19നും 21നും ഇടയില്‍ തുർക്കിയുടെ C-130 ഹെർക്കുലീസ്, A400M സൈനിക വിമാനങ്ങള്‍ പാകിസ്ഥാനിലെ വിവിധ വ്യോമതാവളങ്ങളില്‍ എത്തിയതായി ഓപ്പണ്‍ സോഴ്‌സ് ഫ്ലൈറ്റ് ട്രാക്കർമാരുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.ഏകദേശം 60 മണിക്കൂറിനിടെ നിരവധി തുർക്കി സൈനിക വിമാനങ്ങള്‍ പാകിസ്ഥാനിലെ നൂർ ഖാൻ, മസൂർ, മുരീദ് വ്യോമതാവളങ്ങളില്‍ എത്തിയതായാണ് റിപ്പോർട്ട്. TUAF526 എന്ന കോള്‍സൈൻ ഉള്ള വിമാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിമാനങ്ങള്‍ വഴി പാകിസ്ഥാനിലേക്ക് സൈനിക ഉപകരണങ്ങള്‍ എത്തിച്ചിരിക്കാമെന്നാണ് പ്രതിരോധ മേഖലയില്‍ ഉയരുന്ന സംശയം. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആളില്ലാ വ്യോമ സംവിധാനങ്ങളും വ്യോമപ്രതിരോധ ഉപകരണങ്ങളും വിമാനങ്ങളില്‍ ഉണ്ടായിരിക്കാമെന്നാണ് സൂചന.
തുർക്കി കമ്പനിയായ Baykar വികസിപ്പിച്ച അടുത്ത തലമുറ കാമികാസി UAV K2, Asisguard ഡ്രോണ്‍ സംവിധാനങ്ങള്‍ എന്നിവ പാകിസ്ഥാനിലേക്ക് എത്തിച്ചിരിക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ വിമാനങ്ങളില്‍ എന്താണ് കൊണ്ടുപോയതെന്ന് തുർക്കിയോ പാകിസ്ഥാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഓഗസ്റ്റ് 7ന് പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ മക്ക സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് തുർക്കി സൈനിക വിമാനങ്ങളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടത്.മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെ സായുധ ആക്രമണമുണ്ടായാല്‍ അത് മൂന്ന് രാജ്യങ്ങള്‍ക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ഇന്ത്യക്കെതിരെ പുതിയ സംഘർഷത്തിന് പാകിസ്ഥാൻ ഒരുങ്ങുന്നുവോ?
തുർക്കി സൈനിക വിമാനങ്ങള്‍ തുടർച്ചയായി പാകിസ്ഥാനിലെത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി മറ്റൊരു സംഘർഷത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുകയാണോ എന്ന ചോദ്യമാണ് ഇന്ത്യൻ പ്രതിരോധ മേഖലയില്‍ ഉയരുന്നത്.കഴിഞ്ഞ വർഷം മേയില്‍ നടന്ന ഓപ്പറേഷൻ സിന്ദൂറിന് മുമ്പും ചൈനയും തുർക്കിയും പാകിസ്ഥാന് ആധുനിക സൈനിക ഉപകരണങ്ങള്‍ നല്‍കിയതായി ആരോപണമുണ്ടായിരുന്നു.
ചൈനയുടെ PL-15 വ്യോമ-വ്യോമ മിസൈലുകള്‍, HQ-9 വ്യോമപ്രതിരോധ സംവിധാനങ്ങള്‍, തുർക്കി നിർമിത Bayraktar (Yiha), Asisguard Songar കാമികാസി ഡ്രോണുകള്‍ എന്നിവ പാകിസ്ഥാന് നല്‍കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പുറമെ യുദ്ധമേഖലയിലെ തത്സമയ വിവരങ്ങളും തന്ത്രപരമായ പിന്തുണയും പാകിസ്ഥാന് ലഭിച്ചതായും ആരോപണമുണ്ട്.അതേസമയം, ഇപ്പോഴത്തെ തുർക്കി സൈനിക വിമാനങ്ങളുടെ യാത്രയ്ക്ക് പിന്നിലെ യഥാർഥ ഉദ്ദേശ്യമോ വിമാനങ്ങളില്‍ കൊണ്ടുപോയ ചരക്കുകളോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.