സ്വന്തം വ്യക്തിത്വത്തെ സ്നേഹിക്കുന്നവർക്ക് പ്രചോദമായി ഇതാ ഒരു സൗന്ദര്യറാണി!; മിസ് യൂണിവേഴ്സ് ഇന്ത്യയായി മലയാളി യുവതി,

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി യുവതി കെസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന ഫൈനൽ മത്സരത്തിൽ 53 മത്സരാർത്ഥികളെ പിന്തള്ളിയാണ് 19കാരിയായ കെസിയ വിജയകിരീടം ചൂടിയത്.

ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. മത്സരത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കർ സെക്കന്റ് റണ്ണറപ്പുമായി.

നിയമവിദ്യാർഥിയും മോഡലുമായ കെസിയയുടെ ഈ വിജയം വെറുമൊരു ഗ്ലാമർ നേട്ടം മാത്രമല്ല, സ്വയം സംശയങ്ങളെയും ഇൻസെക്യൂരിറ്റികളെയും തോൽപ്പിച്ചെത്തിയ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്.

 കൗമാരകാലത്ത് സോഷ്യൽ മീഡിയയിലെ കൃത്രിമ സൗന്ദര്യ മാനദണ്ഡങ്ങൾ കണ്ട് സ്വന്തം ഇരുണ്ട ചർമത്തിന്റെ പേരിൽ അപകർഷതാബോധം തോന്നുകയും മൂന്ന് വർഷത്തോളം ഒരു ഫിൽട്ടർ പോലുമില്ലാതെ ഫോട്ടോയെടുക്കാൻ ഭയപ്പെടുകയും ചെയ്ത ചരിത്രം കെസിയയ്ക്കുണ്ടായിരുന്നു. വെളുത്ത നിറം മാത്രമാണ് സൗന്ദര്യമെന്ന ചിന്ത തന്നിൽ അപൂർണത സൃഷ്ടിച്ചെങ്കിലും, ആ തോൽവികളിൽ തളരാതെ വലിയ സ്വപ്നങ്ങൾ കാണാൻ ഉറപ്പിച്ചതോടെയാണ് മാറ്റങ്ങൾ തുടങ്ങിയത്.

മുൻപ് പങ്കെടുത്ത രാജ്യാന്തര കൗമാര സൗന്ദര്യ മത്സരത്തിൽ ‘മിസ് ടീൻ ഇന്റർനാഷണൽ’ ഫസ്റ്റ് റണ്ണറപ്പായപ്പോഴുണ്ടായ നിരാശയെ മറികടന്നാണ് ഈ വർഷം ആദ്യം കെസിയ ‘മിസ് യൂണിവേഴ്സ് കേരള 2026’ കിരീടം ചൂടിയത്. 

അവിടെനിന്ന് ഇപ്പോൾ രാജ്യത്തിന്റെ തന്നെ സൗന്ദര്യറാണിയായി മാറിയ കെസിയയുടെ യാത്ര, സ്വന്തം വ്യക്തിത്വത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വലിയൊരു പ്രചോദനമാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !