ഓപ്പറേഷൻ റെസല്യൂട്ട്: ആറര പതിറ്റാണ്ടിന് ശേഷം അമേരിക്കൻ സൈന്യത്തില്‍ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു,

വാഷിംഗ്ടണ്‍: അമേരിക്കൻ സൈന്യത്തില്‍ ആറര പതിറ്റാണ്ടിന്റെ (65 വർഷം) ഇടവേളയ്ക്ക് ശേഷം വധശിക്ഷകള്‍ പുനരാരംഭിക്കാൻ സൈനിക ഉദ്യോഗസ്ഥർ വിപുലമായ തയാറെടുപ്പുകള്‍ നടത്തുന്നതായി റിപ്പോർട്ട്.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള കർശനമായ നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തി യുഎസ് ആർമി തയാറാക്കിയ രഹസ്യ പദ്ധതിക്ക് ‘ഓപ്പറേഷൻ റെസല്യൂട്ട് ജസ്റ്റിസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്തിമ അനുമതി നല്‍കുന്ന മുറയ്ക്ക് ശിക്ഷ നടപ്പാക്കാനാണ് സൈന്യത്തിന്റെ നീക്കം.

നിലവില്‍ നാല് സൈനികരാണ് യുഎസില്‍ സൈനിക നിയമപ്രകാരം വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഇതില്‍ 2009-ല്‍ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തില്‍ വെടിവയ്പ്പ് നടത്തി 13 പേരെ കൊലപ്പെടുത്തിയ മുൻ സൈനിക സൈക്യാട്രിസ്റ്റ് നിദാല്‍ മാലിക് ഹസനും ഉള്‍പ്പെടുന്നു.

അമേരിക്കൻ സൈന്യത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1961-ലാണ്. പ്രൈവറ്റ് ജോണ്‍ എ. ബെന്നറ്റ് എന്ന സൈനികനെ ബലാത്സംഗ-കൊലപാതക കുറ്റത്തിന് അന്ന് തൂക്കിലേറ്റുകയായിരുന്നു. അതിനുശേഷം സൈനിക കോടതികള്‍ വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ദശാബ്ദങ്ങളായി ഒന്നും നടപ്പാക്കിയിട്ടില്ല.

പുതിയ പദ്ധതി പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കൻസാസിലെ ഫോർട്ട് ലീവൻവർത്ത് സൈനിക ജയിലില്‍ നിന്നും ഇൻഡ്യാനയിലെ ടെറെ ഹോട്ടിലുള്ള ഫെഡറല്‍ വധശിക്ഷാ കേന്ദ്രത്തിലേക്ക് മാറ്റും. അവിടെ വെച്ച്‌ വിഷം കുത്തിവെച്ചായിരിക്കും ശിക്ഷ നടപ്പാക്കുക. കുറ്റവാളികളെ പാർപ്പിക്കുന്ന മുറികള്‍ സജ്ജമാക്കാനും മാധ്യമപ്രവർത്തകർക്കും സാക്ഷികള്‍ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനുമുള്ള കർശനമായ നിർദ്ദേശങ്ങള്‍ അടങ്ങിയ രേഖകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഫെഡറല്‍ തലത്തില്‍ വധശിക്ഷകള്‍ കർശനമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ശക്തമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ ഈ ദ്രുതഗതിയിലുള്ള നീക്കങ്ങള്‍. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അനുമതി ലഭിച്ചാല്‍ യുഎസ് സൈനിക ചരിത്രത്തിലെ നിർണായകമായ ഒരു നടപടിയായി ഇത് മാറും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !