നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ നൂറിലേറെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ കാണാനില്ല.
നേപ്പാള്‍ ടൂറിസം ബോർഡ് നല്‍കിയ വിവരങ്ങളനുസരിച്ച് ആകെ കാണാതായത് 291 വിദേശപൗരന്മാരെയാണ്. ഇവരില്‍ 105 പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.ടിബറ്റൻ അതിർത്തിയില്‍ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളില്‍ വ്യാപക നാശനഷ്ടം വിതച്ചതെന്ന് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നുവാകോട്ട്, ധാഡിങ് ജില്ലകളില്‍ നിന്നായി ഇതുവരെ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സെൻട്രല്‍ പൊലീസ് അറിയിച്ചു.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന നേപ്പാളിന്റെ മലയോര താഴ്‌വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം കുത്തിയൊലിച്ചുവരുന്നതിന്റെ വിഡിയോകള്‍ നേപ്പാള്‍ പൊലീസും മറ്റുള്ളവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
രസുവ ജില്ലയില്‍ 26 നേപ്പാള്‍ പൊലീസ് ഉദ്യോഗസ്ഥരെ കാണാതായതായി അധികൃതർ അറിയിച്ചു. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാതായതായി സായുധ പൊലീസ് സേനയും (എപിഎഫ്) വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യം ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.''നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ പ്രളയം വളരെ വലുതാണ്, ഇത് ഒട്ടേറെ ജനവാസ മേഖലകളെ ബാധിച്ചിട്ടുണ്ടാകാം.''- നേപ്പാള്‍ പൊലീസ് വക്താവ് അബി നാരായണ്‍ കാഫ്ലെ പറഞ്ഞു. നദീതീരങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും തങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും രംഗത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.