ഐറിഷുകാര്‍ ഏറെ സ്‌നേഹിച്ച നാട്ടുപാട്ടിന്റെ മധുരം വിളമ്പിയ അമേരിക്കന്‍ ഗായിക ഡോളി പാര്‍ട്ടന്‍ ഇനി ഓര്‍മ

ഡബ്ലിന്‍: ഐറിഷുകാര്‍ ഏറെ സ്‌നേഹിച്ച അമേരിക്കന്‍ ഗായിക ഡോളി പാര്‍ട്ടന്‍ ഇനി ഓര്‍മ.അയര്‍ലണ്ടില്‍ അത്രമേല്‍ സ്‌നേഹിക്കപ്പെട്ടിരുന്നതിനാല്‍ ഡോളി പാര്‍ട്ടന്‍ ഒരു ഐറിഷ് ഗായികയാണെന്ന് കരുതപ്പെട്ടിരുന്നു..

എന്നാല്‍ അമേരിക്കയിലെ ടെന്നസി സ്വദേശിനിയായിരുന്ന അവര്‍ കണ്‍ട്രി സംഗീതത്തിന്റെ ഏറ്റവും വലിയ താരങ്ങളിലൊരാളായിരുന്നു. ആറു പതിറ്റാണ്ടിലേറെ ലോകത്തില്‍ നാട്ടുപാട്ടിന്റെ മധുരം വിളമ്പിയ  ഡോളി പാര്‍ട്ടന്‍ 80-ാം വയസ്സില്‍ അന്തരിച്ചു. ഗായിക, ഗാനരചയിതാവ്, നടി, ജീവകാരുണ്യ പ്രവര്‍ത്തക എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ ജീവിതമായിരുന്നു അവരുടേത്.

1946ല്‍ അമേരിക്കയിലെ ടെന്നസിയിലെ മലനിരകള്‍ക്കരികെയുള്ള ദരിദ്ര കുടുംബത്തിലാണ് ഡോളി ജനിച്ചത്. പന്ത്രണ്ട് മക്കളില്‍ ഒരാളായിരുന്ന അവര്‍ കുട്ടിക്കാലം മുതല്‍ ഇടവക പള്ളിയിലും നാട്ടിലെ ചെറിയ വേദികളിലും പാടിത്തുടങ്ങി. പിന്നീട് നാഷ്വിലിലെത്തിയതോടെയാണ് സംഗീതലോകത്തേക്കുള്ള വലിയ യാത്ര ആരംഭിച്ചത്. ‘ജൊലീന്‍’, ‘ഐ വില്‍ ഓള്‍വേസ് ലവ് യൂ’, ‘നൈന്‍ ടു ഫൈവ്’, ‘കോട്ട് ഓഫ് മെനി കളേഴ്‌സ്’ തുടങ്ങിയ ഗാനങ്ങളിലൂടെ അവര്‍ ലോകമെമ്പാടും ആരാധകരെ നേടി.

അമേരിക്കക്കാരിയായിരുന്നെങ്കിലും അയര്‍ലണ്ടുമായി ഡോളിക്ക് അസാധാരണമായ അടുപ്പമുണ്ടായിരുന്നു. ഐറിഷ് ജനതയുടെ കുടുംബബന്ധവും നാടോടി സംഗീതത്തോടുള്ള സ്‌നേഹവും തമാശയും ലാളിത്യവുമെല്ലാം തനിക്ക് ഏറെ ഇഷ്ടമാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. 1990ല്‍ കെറിയിലെ ഒരു ചെറിയ പബ്ബില്‍ എത്തിയ ഡോളി അവിടെയുള്ള സംഗീതജ്ഞര്‍ക്കൊപ്പം അപ്രതീക്ഷിതമായി പാടിയത് ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്ന കഥയാണ്. ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, കോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ അവരുടെ സംഗീതപരിപാടികള്‍ക്കും വലിയ ജനപിന്തുണ ലഭിച്ചിരുന്നു.

എന്നാല്‍ അയര്‍ലണ്ടിലെ കുട്ടികള്‍ക്കിടയില്‍ ഡോളി പാര്‍ട്ടനെ കൂടുതല്‍ പ്രിയങ്കരിയാക്കിയത് സംഗീതത്തേക്കാള്‍ വലിയൊരു കാരുണ്യപദ്ധതിയാണ്. ‘ഡോളി പാര്‍ട്ടന്റെ ഇമാജിനേഷന്‍ ലൈബ്രറി ‘ എന്ന പേരിലുള്ള പദ്ധതിയിലൂടെ ചെറിയ കുട്ടികള്‍ക്ക് എല്ലാ മാസവും സൗജന്യമായി ഒരു പുസ്തകം വീട്ടിലെത്തിക്കുന്ന സംവിധാനമാണ് അവര്‍ ആരംഭിച്ചത്.

വായിക്കാനും എഴുതാനും അറിയാതിരുന്ന സ്വന്തം അച്ഛന്റെ ഓര്‍മ്മയാണ് ഈ പദ്ധതിക്ക് പ്രചോദനമായത്. കുട്ടികള്‍ വളരെ ചെറുപ്പത്തില്‍തന്നെ പുസ്തകങ്ങളുമായി അടുപ്പം വളര്‍ത്തണമെന്നായിരുന്നു ഡോളിയുടെ ആഗ്രഹം. ജനനം മുതല്‍ അഞ്ചുവയസ്സുവരെ കുട്ടികള്‍ക്ക് ഓരോ മാസവും പ്രായത്തിന് അനുയോജ്യമായ പുസ്തകം തപാലിലൂടെ വീട്ടിലെത്തിക്കും. ഒരു കുഞ്ഞ് ജനിച്ചതിനു പിന്നാലെ പദ്ധതിയില്‍ ചേര്‍ന്നാല്‍ സ്‌കൂളില്‍ പോകുന്ന പ്രായമാകുമ്പോഴേക്കും അറുപതോളം പുസ്തകങ്ങള്‍ സ്വന്തമായുണ്ടാകാം.

2019 മുതല്‍ അയര്‍ലണ്ടിലും ഈ പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങി. അതോടെ നിരവധി ഐറിഷ് കുടുംബങ്ങളുടെ വീടുകളിലേക്ക് ഡോളിയുടെ പേരില്‍ പുസ്തകങ്ങള്‍ എത്തി. കുട്ടികളുടെ പേരെഴുതിയ കവറുകളില്‍ പുസ്തകങ്ങള്‍ വീട്ടിലെത്തുന്നത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സന്തോഷകരമായ അനുഭവമായി. സ്വന്തം മക്കളില്ലായിരുന്ന ഡോളി ലോകത്തെ കുട്ടികളെയെല്ലാം സ്വന്തം കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നതെന്ന് പലപ്പോഴും പറഞ്ഞിരുന്നു.

സംഗീതത്തിലെ തിളക്കത്തിനപ്പുറം സാധാരണക്കാരോടുള്ള അടുപ്പമാണ് ഡോളിയെ വേറിട്ടുനിര്‍ത്തിയത്. പ്രശസ്തിയുടെ കൊടുമുടിയിലിരുന്നിട്ടും ചെറിയൊരു ഐറിഷ് പബ്ബില്‍ നാട്ടുകാരോടൊപ്പം പാടാനും കുട്ടികള്‍ക്കായി പുസ്തകം അയയ്ക്കാനും അവര്‍ക്ക് ഒരേ സന്തോഷമായിരുന്നു.

അതുകൊണ്ടുതന്നെ ഡോളി പാര്‍ട്ടന്റെ മരണം അമേരിക്കയിലെ ഒരു സംഗീതതാരത്തിന്റെ വേര്‍പാടായി മാത്രം അയര്‍ലണ്ട്  കാണുന്നില്ല. പാട്ടുകളിലൂടെയും പുസ്തകങ്ങളിലൂടെയും പല തലമുറകളുടെ വീടുകളിലെത്തിയ സ്വന്തം സുഹൃത്തിന്റെ വിയോഗയാണ് ഐറിഷ് ജനത അവരെ ഓര്‍ക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !