ഇന്ത്യയ്ക്ക് സമീപം ചൈന സൂക്ഷിക്കുന്ന 'ടൈം ബോംബ്'! നേപ്പാള്‍ ദുരന്തം രാജ്യത്തിന് നല്‍കുന്നത് വലിയൊരു മുന്നറിയിപ്പ്?

ന്യൂഡല്‍ഹി: നേപ്പാള്‍-ടിബറ്റ് അതിർത്തിയില്‍ ഉണ്ടായ വൻ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്തെത്തി.

ഇന്ത്യയുടെ അതിർത്തിക്കടുത്ത് ചൈന നിർമിക്കുന്ന ഭീമൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ച്‌ ഗുരുതര ആശങ്കയാണ് വിദഗ്ദ്ധർ പങ്കുവച്ചിരിക്കുന്നത്.


ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശത്താണ് ചൈന 60,000 മെഗാവാട്ട് ശേഷിയുള്ള മെഡോഗ് അണക്കെട്ട് നിർമിക്കുന്നത്. ഈ പദ്ധതി വലിയ പാരിസ്ഥിതികവും ഭൗമശാസ്ത്രപരവുമായ ദുരന്തസാദ്ധ്യത സൃഷ്ടിക്കാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

നേപ്പാളില്‍ സംഭവിച്ചത്

ഹിമാലയത്തിലെ ഹിമപാതവും മഞ്ഞുമലയുടെ തകർച്ചയും മൂലമുണ്ടായ ദുരന്തത്തെ തുടർന്ന് നേപ്പാളിലും ടിബറ്റിലും വൻ ദുരന്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പ്രദേശത്ത് മഴയോ മറ്റ് കാലാവസ്ഥാ മുന്നറിയിപ്പുകളോ ഒന്നും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയ വെള്ളം നേപ്പാളിലെ മൂന്ന് ജില്ലകളില്‍ വ്യാപക നാശനഷ്ടത്തിനാണ് കാരണമായത്. നൂറ്റമ്പതോളം മരണമാണ് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത്. ഏകദേശം നാന്നൂറോളം പേരെയാണ് കാണാതായത്. ഇവരില്‍ 130-ഓളം ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു.

മലമുകളില്‍ നിന്ന് മഞ്ഞും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീണ് നദിയുടെ ഒഴുക്ക് തടസപ്പെട്ടത്തിനെത്തുടർന്ന് വലിയ തോതില്‍ വെള്ളവും ചെളിയും താഴ്ന്ന പ്രദേശങ്ങളിലേക്ക് കുതിച്ചെത്തുകയായിരുന്നു. നിരവധി വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, വൈദ്യുത പദ്ധതികള്‍ എന്നിവയാണ് സംഭവത്തില്‍ നാമാവശേഷമായത്. തുടക്കത്തില്‍ ഭൂകമ്പമാണ് ദുരന്തത്തിന് കാരണമെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് ഹിമാനിയുമായി ബന്ധപ്പെട്ട തകർച്ചയാണ് പ്രധാന കാരണമെന്ന റിപ്പോർട്ടുകള്‍ പുറത്തുവരികയായിരുന്നു.

ചൈന നിർമിക്കുന്ന അണക്കെട്ട്

ചൈന ടിബറ്റിലെ യാർലുംഗ് സാംഗ്പോ നദിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടായ മെഡോഗ് നിർമിക്കുന്നത്. ഇതേ നദി ഇന്ത്യയിലെത്തുമ്പോള്‍ ബ്രഹ്മപുത്രയായി മാറുന്നു. അരുണാചല്‍ പ്രദേശിന്റെ അതിർത്തിക്ക് സമീപമുള്ള മെഡോഗ് മേഖലയിലാണ് പദ്ധതി. 2033ഓടെ അണക്കെട്ട് പ്രവർത്തനക്ഷമമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. 137 ബില്യണ്‍ ഡോളർ ചെലവിലാണ് ഈ അണക്കെട്ട് നിർമിക്കുന്നത്. പദ്ധതിയിലൂടെ പ്രതിവർഷം 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കാൻ കഴിയുമെന്നാണ് ചൈനയുടെ അവകാശവാദം.

അതേ സമയം ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി തുടർച്ചയായി ഭൂകമ്പങ്ങളനുഭവപ്പെടുന്ന പ്രദേശമാണ്. അണക്കെട്ട് നിർമിക്കുന്ന മെഡോഗ് ഭൂകമ്പ സാദ്ധ്യതയേറിയ പ്രദേശവുമാണ്. ഇത്രയും വലിയ ജലവൈദ്യുത പദ്ധതി ഇവിടെ സ്ഥാപിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. 

ശക്തമായ ഭൂകമ്പം, മണ്ണിടിച്ചില്‍ അല്ലെങ്കില്‍ ഹിമപാതം ഉണ്ടായാല്‍ അണക്കെട്ടിനും സമീപപ്രദേശങ്ങള്‍ക്കും ഗുരുതര ഭീഷണിയുണ്ടാകാമെന്നാണ് വിദഗ്ദ്ധർ പങ്കുവയ്ക്കുന്ന ആശങ്ക. എന്നാല്‍ പദ്ധതിയിലൂടെ വലിയ പാരിസ്ഥിതികപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് ചൈന അവകാശപ്പെടുന്നത്.

നേപ്പാള്‍ ഇന്ത്യയ്ക്കൊരു മുന്നറിയിപ്പ്?

നേപ്പാളില്‍ ഉണ്ടായ ദുരന്തം ഇന്ത്യയ്ക്കും ഒരു മുന്നറിയിപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടയ്ക്കിടെ ഭൂകമ്പമുണ്ടാകുന്ന ഹിമാലയൻ മേഖലയിലെ ഭീമൻ അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ബ്രഹ്മപുത്രനദി അരുണാചല്‍പ്രദേശിലേക്കും ബംഗ്ലാദേശിലേക്കും 'യു' ആകൃതിയില്‍ വളഞ്ഞൊഴുകുന്ന ഹിമാലയൻപ്രദേശത്തെ മലയിടുക്കിലാണ് ചൈന അണക്കെട്ട് നിർമിക്കുന്നത്. 

ഇന്ത്യയിലേക്ക് ഒഴുകുന്ന ബ്രഹ്മപുത്ര നദിയെയും പരിസരപ്രദേശങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇത് ചൈനയുടെ തന്ത്രമായും ചിലർ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഈ പദ്ധതിയെക്കുറിച്ച്‌ കൂടുതല്‍ ശാസ്ത്രീയ പഠനവും നിരീക്ഷണവും ആവശ്യമാണെന്ന് ഇന്ത്യയുടെ പക്ഷം.

2017ല്‍ ഈ മേഖലയില്‍ റിക്ടർ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിട്ടുമുണ്ട്. ഈ പ്രദേശത്ത് അണക്കെട്ട് നിർമിക്കുകയും കോടിക്കണക്കിന് ലിറ്റർ ജലം സംഭരിക്കുകയും ചെയ്യുമ്പോള്‍ അത് ഭൂമിക്ക് അമിത സമ്മർദം നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് വൻ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഉയർത്തുമെന്നതിനാലാണ് ഇന്ത്യയ്ക്ക്മേല്‍ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നത്.

പഠനങ്ങള്‍ വ്യക്തമാക്കുന്നത്

ചൈനീസ് സർക്കാരിന് കീഴിലുള്ള 'ചൈന ജിയോളജിക്കല്‍ സർവേ'യുടെ മേല്‍നോട്ടത്തില്‍ നടന്ന പഠനം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്ന തരത്തിലുള്ള വിവരങ്ങളാണ് നല്‍കുന്നത്. പുതുതായി നിർമിക്കുന്ന ഡാമിന്റെ റിസർവോയർ പ്രദേശത്തിന് തൊട്ടുതാഴെ 'പെഷൈൻ ഫോള്‍ട്ട്' എന്ന സജീവമായ ഭ്രംശ രേഖ കടന്നുപോകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ഏകദേശം 9,500 വർഷങ്ങള്‍ക്ക് മുമ്പ് ഈ രേഖയില്‍ വലിയ ഭൂചലനങ്ങള്‍ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഭൗമശാസ്ത്രപരമായി 9,500 വർഷം എന്നത് ചുരുങ്ങിയ കാലയളവാണ്.

പ്രധാന ഭീഷണികളും ആശങ്കകളും

ജല ലഭ്യത കുറവ്: വരള്‍ച്ചയുള്ള മാസങ്ങളില്‍ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള ജലപ്രവാഹം 85 ശതമാനം വരെ കുറയാൻ ചൈന നി‌ർമിക്കുന്ന അണക്കെട്ട് കാരണമായേക്കും.

രാഷ്ട്രീയ ആയുധം: നദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനുള്ള അധികാരം ചൈനയ്ക്ക് ലഭിക്കുന്നത് ഇന്ത്യയ്ക്കുമേല്‍ തന്ത്രപരമായ സമ്മർദം ചെലുത്താൻ വഴിയൊരുക്കും

വെള്ളപ്പൊക്ക ഭീഷണി (വാട്ടർ ബോംബ്): അണക്കെട്ടില്‍ പെട്ടെന്ന് വലിയ അളവില്‍ വെള്ളം തുറന്നുവിട്ടാല്‍ അരുണാചല്‍ പ്രദേശിലും അസമിലും വലിയ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടാകും.

ഭൂകമ്പ സാദ്ധ്യത: സജീവമായ ഭൂകമ്പ മേഖലയിലും മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശത്തുമാണ് ഈ ഭീമൻ പദ്ധതി വരുന്നത്, ഇത് മേഖലയില്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !