ഉരുള്‍പൊട്ടലില്‍ നിന്നും വ്യത്യസ്തം: ഒരു തുള്ളി മഴ വെള്ളം വീണില്ല, നേപ്പാളില്‍ ഉണ്ടായ ദുരന്തത്തിന് പിന്നില്‍ ഗ്ലോഫ് പ്രതിഭാസം,

ന്യൂഡൽഹി: മഴയുടെ ഒരു തുള്ളി പോലും വീഴാതെ, തെളിഞ്ഞ ആകാശത്തിനു താഴെ നിന്ന മനുഷ്യരെ നിമിഷനേരം കൊണ്ട് വിറപ്പിച്ച്‌ നേപ്പാളില്‍ അതിഭീകര പ്രളയം ഉണ്ടായത് ഗ്ലേഷ്യല്‍ ലേക്ക് ഔട്ട് ബേഴ്സ്റ്റ് എന്ന ഗ്ലോഫ്(ഹിമതടാക വിസ്ഫോടനം) എന്ന പ്രതിഭാസം കാരണം.

മുന്നറിയിപ്പുകളൊന്നുമില്ലാതെ നേപ്പാളില്‍ വിതച്ച ഈ പ്രളയഭീതി അതിർത്തി കടന്ന് ബിഹാറിലെ ഗണ്ഡക് നദീതീരങ്ങളില്‍ വരെ എത്തിനില്‍ക്കുകയാണ്. മഞ്ഞുപാളി ഇടിഞ്ഞുവീണുണ്ടായ ഹിമപാതത്തില്‍ നദീതടം പൂർണ്ണമായി അടഞ്ഞുപോകുകയും, തുടർന്ന് അവിടെ രൂപപ്പെട്ട കൂറ്റൻ ജലസംഭരണി സമ്മർദ്ദം താങ്ങാനാവാതെ ഒരൊറ്റ നിമിഷം കൊണ്ട് തകരുകയുമായിരുന്നു.

കാഠ്‌മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ദ്ധരും പ്രളയകാരണം ഹിമതടാക വിസ്ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കനത്ത മഴ മൂലം ഉണ്ടാകുന്ന പ്രളയത്തില്‍ നിന്നും ഉരുള്‍പൊട്ടലില്‍ നിന്നും തികച്ചും വ്യത്യസ്തവും അതിഭീകരവുമാണ് 'ഗ്ലോഫ്'.കോണ്‍ക്രീറ്റ് ഡാമുകളെപ്പോലെ ഉറപ്പുള്ളതല്ല മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള ഈ പ്രകൃതിദത്ത തിട്ടകള്‍. ആഗോളതാപനം മൂലം മഞ്ഞുരുകല്‍ ശക്തമാകുമ്പോള്‍ ഇത്തരം തടാകങ്ങളിലെ ജലനിരപ്പ് ഉയരുന്നു. തുടർന്ന് ഭൂചലനമോ വലിയ ഹിമപാതമോ ഉണ്ടാകുമ്പോള്‍ ഈ ഭിത്തികള്‍ നിമിഷനേരം കൊണ്ട് തകർന്നടിയും.

തടയണ തകരുന്നതോടെ ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളവും കൂറ്റൻ പാറകളും ചെളിയും അതിവേഗത്തില്‍ താഴ്വരകളിലേക്ക് കുതിച്ചെത്തും. ആകാശത്ത് മഴമേഘങ്ങള്‍ പോലും ഉണ്ടാകാറില്ല എന്നതിനാല്‍ താഴ്വരയിലുള്ളവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കില്ലെന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്.

നേപ്പാളിലുണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറിലെ ഗണ്ഡക് നദീതീരങ്ങളിലുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനകള്‍ രംഗത്തുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !