കൊല്ലം: ആറുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെപ്പോലും അനുസരണയോടെ നിർത്തിയ, കേരളത്തിലെ ആദ്യകാല വനിതാ ആനപ്പാപ്പാൻ സുലൈഖ ബീവി (67)അന്തരിച്ചു.
കൊല്ലം ചിതറ വേങ്കൊല്ല പാണൻവിളയില്‍ 'ഒരു സങ്കീർത്തനം പോലെ' വീട്ടില്‍ സുലൈഖാ ബീവി കഴിഞ്ഞ ദിവസാണ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരുമാസമായി കിടപ്പിലായിരുന്നു.ഭർത്താവ് ഇസ്മയിലിനോടൊപ്പം ആനപ്പാപ്പാനായി തിളങ്ങിയ സുലൈഖയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഇടുക്കി ചെറുതോണി സ്വദേശിയായ ഇസ്മയില്‍ കുളത്തൂപ്പുഴയിലെ ആനക്കുളത്ത് പാപ്പാനായി എത്തിയതോടെയാണ് കൂപ്പില്‍ അടിക്കാട് വെട്ടാൻ വന്ന സുലൈഖയെ കണ്ടുമുട്ടിയത്. ഈ സൗഹൃദം 1977ല്‍ വിവാഹത്തിലെത്തി. പരവൂർ പുതിയിടം ശിവക്ഷേത്രത്തിലെ ആറുപേരെ കൊന്ന അശോകൻ എന്ന ആനയെ ഇസ്മയില്‍ വരുതിയിലാക്കിയതോടെ സുലൈഖയുടെ ജീവിതത്തിലും ആനകള്‍ ഒരു ഭാഗമായി മാറി.
ക്ഷേത്രക്കമ്മിറ്റിയുമായുള്ള ധാരണപ്രകാരം അശോകനെ സുലൈഖയുടെ വീടിനടുത്തുള്ള അരിപ്പ കാടുകളിലേക്ക് കൊണ്ടുവന്നു. പിന്നീട് സുലൈഖ പതിയെ ആനയുമായി ചങ്ങാത്തം കൂടി. കൊലകൊമ്പനായ അശോകനെ അഴിച്ച് തീറ്റയെടുക്കാൻ കൊണ്ടുപോകുന്ന സുലൈഖയെയാണ് ഒരുദിവസം ഇസ്മായില്‍ കാണുന്നത്.
പിന്നീട് 14 വർഷത്തോളം സുലൈഖ അശോകനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ കൊമ്പൻ അശോകനുമായി എത്തിയ സുലൈഖ കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്മാരില്‍ ഒരാളായി മാറി.
എന്നാല്‍ 2007ല്‍ ഈരാറ്റുപേട്ടയില്‍ വെച്ച് മറ്റൊരാനയുടെ കുത്തേറ്റ് ഭർത്താവ് ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റത് സുലൈഖയുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. ഭർത്താവ് മരിച്ചുവെന്ന തെറ്റായ വാർത്ത കേട്ട സുലൈഖയുടെ മാനസിക നില തകരാറിലായി. ഇസ്മയില്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും സുലൈഖ പിന്നെ ഒരിക്കലും തോട്ടിയെടുത്തില്ല.
അശോകൻ ആനയെ സംസ്കരിച്ച അരിപ്പ വനത്തിന് സമീപത്തുള്ള കൊച്ചുകലുങ്ക് ജുമാമസ്ജിദ് കബർസ്ഥാനിലാണ് സുലൈഖയുടെ അന്ത്യവിശ്രമം. മക്കള്‍: സലീന ബീവി, ഷാഹിദാ ബീവി, ഷാനിഫാ മുനീർ എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഷെരീഫ് മുനീർ, പരേതനായ അസീസ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.