ടെഹ്റാൻ വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷ സാധ്യത രൂക്ഷമാക്കി ഇറാനില്‍ അമേരിക്കയുടെ ആക്രമണം. ജോർഡനിലെ അമേരിക്കൻ താവളങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചു
ഹോർമുസ് കടലിടുക്ക് തുറക്കല്‍ അടക്കം വിഷയങ്ങളില്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ആക്രമണങ്ങള്‍ നടന്നത്.ഇറാനിലെ ലാറക് ദ്വീപിന് നേർക്കാണ് അമേരിക്ക ആക്രമണം നടത്തിയത്. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇറാനിയൻ റെവല്യൂഷനറി ഗാർഡ്സിന്‍റെ ഏതാനും സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ ദ്വീപാണ് ലാറക്. കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാൻ ശ്രമിക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ സെൻട്രല്‍ കമ്മാൻഡ് പറയുന്നത്.
അതേസമയം, അമേരിക്ക ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ആണ് ഇറാൻ ജോർഡനിലേക്ക് മിസൈല്‍ ആക്രമണം നടത്തിയത്. രണ്ട് അമേരിക്കൻ താവളങ്ങള്‍ക്ക് നേരെയായിരുന്നു ഇറാന്‍റെ തിരിച്ചടി. ജോർഡനിലെ കിങ് ഹുസൈൻ, അല്‍ അസ്റാഖ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.
അമേരിക്കയും ഇസ്രായേലും ഇറാനിലേക്ക് നടത്തിയ ആക്രമണത്തിന്‍റെ ആറ് മാസം തികഞ്ഞ സമയത്താണ് വീണ്ടും ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള താല്‍ക്കാലിക പദ്ധതി സംബന്ധിച്ച് ഇറാനും ഒമാനും സംബന്ധിച്ച് ധാരണയിലെത്തുകയും അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന നീക്കം സജീവമാകുകയും ചെയ്തതിനിടെ വീണ്ടും ആക്രമണം നടന്നത് സംഘർഷം രൂക്ഷമാക്കുമെന്ന ഭീതിയുമുണ്ട്.
ഹോർമുസിലെ മൈനുകള്‍ നീക്കിയതായും കടലിടുക്കിന്‍റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തതായും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം സാധാരണ നിലയിലായിരുന്നില്ല. അതോടൊപ്പം ഹോർമുസിന്‍റെ ഇറാന്‍റെ ആധിപത്യവും തുടരുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കൻ ആക്രമണം.
യുഎഇ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളെ ഇറാൻ ലക്ഷ്യമിട്ടിരുന്നതായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെഉപയോഗിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അമേരിക്ക നടത്തുന്ന സൈനികവും സാമ്പത്തികവുമായ തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് ഐ.ആർ.ജി.സി വക്താവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണ വിവരം പുറത്തുവന്നത് ആഗോള എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. സമാധാന നീക്കങ്ങളില്‍ പ്രതീക്ഷയർപ്പിച്ച് കാര്യമായ വില വർധന അസംസ്കൃത എണ്ണക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ ആക്രമണങ്ങള്‍ പുറത്തുവന്നയുടൻ രണ്ട് ശതമാനം വില വർധിച്ചു. ഇനിയുംവർധിക്കുമെന്നാണ് സൂചന.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.