ചൂതാട്ടത്തിലൂടെ കോടികൾ സമ്പാദിച്ചു: ഇന്ത്യൻ വംശജനായ യുഎസ് രാഷ്ട്രീയ നേതാവ് കുറ്റസമ്മതം നടത്തി, പദവികളില്‍ നിന്ന് ആജീവനാന്ത വിലക്ക്,

ന്യൂജേഴ്‌സി: യുഎസിലെ ന്യൂജേഴ്‌സിയിലുള്ള പ്രോസ്പെക്‌ട് പാർക്ക് ബറോയിലെ കൗണ്‍സില്‍ അംഗവും ഇന്ത്യൻ വംശജനുമായ ആനന്ദ് ഷാ (44) അനധികൃത ചൂതാട്ടക്കേസില്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി.

പ്രശസ്ത മാഫിയാ സംഘമായ ‘ലുച്ചീസി’ ക്രൈം ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ചൂതാട്ട ശൃംഖലയുടെ ഭാഗമായിരുന്നു താനെന്ന് ഇദ്ദേഹം സമ്മതിച്ചു. കുറ്റസമ്മതത്തെ തുടർന്ന് ഇദ്ദേഹത്തെ ന്യൂജേഴ്‌സിയില്‍ പൊതുപദവികള്‍ വഹിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കി.

ഈ അനധികൃത ഇടപാടിലൂടെ ആനന്ദ് ഷാ ഏകദേശം 900,000 ഡോളർ (ഏകദേശം 7.5 കോടി രൂപ) സമ്പാദിച്ചതായും, ഈ തുക തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമവിരുദ്ധമായി ഉപയോഗിച്ചതായും പ്രോസിക്യൂഷൻ കണ്ടെത്തി. കുറ്റസമ്മത കരാർ പ്രകാരം ഷായ്ക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ശിക്ഷാവിധി ഡിസംബർ 4-ന് പ്രഖ്യാപിക്കുമെന്ന് ന്യൂജേഴ്‌സി അറ്റോർണി ജനറല്‍ ജെന്നിഫർ ഡാവൻപോർട്ട് അറിയിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച അദ്ദേഹം കൗണ്‍സില്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു.

2017 ജനുവരി മുതല്‍ 2023 ആഗസ്ത് വരെ ന്യൂജേഴ്‌സിയിലെ വിവിധ റെസ്റ്റോറൻ്റുകള്‍ കേന്ദ്രീകരിച്ച്‌ നടന്ന ചൂതാട്ട ശൃംഖലയുടെ പ്രധാന ഏജൻ്റായിരുന്നു ആനന്ദ് ഷാ. അനധികൃതമായി പോക്കർ കളികള്‍ സംഘടിപ്പിച്ചും അതിൻ്റെ ലാഭവിഹിതം കൈപ്പറ്റിയുമാണ് ഇയാള്‍ പണം സമ്പാദിച്ചത്. 

തനിക്ക് ചൂതാട്ടപ്പണം കടം തരാനുള്ളവരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും, അതിന് പകരമായി ആ തുക തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലേക്ക് സംഭാവനയായി വാങ്ങുകയുമായിരുന്നു ഇയാളുടെ രീതി എന്ന് അന്വേഷണസംഘം കണ്ടെത്തി. കൗണ്‍സിലില്‍ ധനകാര്യം, ഇൻഷുറൻസ് തുടങ്ങിയ സുപ്രധാന ചുമതലകള്‍ കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.

ലുച്ചീസി ക്രൈം ഗ്രൂപ്പുമായി ബന്ധപ്പെട്ട വലിയൊരു അനധികൃത ചൂതാട്ട ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൗണ്‍സിലറായ ആനന്ദ് ഷാ കുടുങ്ങിയത്. കേസില്‍ ആകെ 42 പേർക്കെതിരെയാണ് അധികൃതർ കുറ്റം ചുമത്തിയത്. ഇതില്‍ 38 പ്രതികള്‍ ഇതിനകം കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. 

വർഷങ്ങള്‍ നീണ്ട ഈ അന്വേഷണത്തിലൂടെ ഏകദേശം 4.79 മില്യണ്‍ ഡോളറിൻ്റെ കുറ്റകൃത്യ പണമാണ് പൊലീസ് കണ്ടെടുത്തത്. ഈ സംഘത്തിലെ അംഗങ്ങള്‍ ചൂതാട്ടപ്പണം ഒളിപ്പിക്കുന്നതിനായി വിവിധ ബിസിനസുകളും വ്യാജ കമ്പനികളും ഉപയോഗിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.

നിയമം പാലിക്കാൻ ഉത്തരവാദിത്തമുള്ള ഒരു ജനപ്രതിനിധി തന്നെ അത് ലംഘിച്ച്‌ കള്ളപ്പണം തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത് അതീവ ഗുരുതരമാണെന്നും, നിയമത്തിന് മുന്നില്‍ ആരും അതിനു മുകളിലല്ലെന്ന് ഈ സംഭവം തെളിയിക്കുന്നതായും അറ്റോർണി ജനറല്‍ വ്യക്തമാക്കി.

 ഒഴിഞ്ഞുകിടക്കുന്ന കൗണ്‍സില്‍ സീറ്റിലേക്ക് പുതിയ പ്രതിനിധിയെ കണ്ടെത്താനുള്ള നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് പ്രോസ്പെക്‌ട് പാർക്ക് മേയർ മുഹമ്മദ് ടി. ഖൈറുള്ള അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !