ന്യൂയോർക്ക്: ഡല്ലാസ്-ഫോർട്ട് വർത്തില്‍ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം, ഒരു യാത്രക്കാരൻ അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി വൈകി ബാള്‍ട്ടി മോറിലേക്ക് തിരിച്ചുവിട്ടു.യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു.
വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ അധികൃതർ പുറത്താക്കിയ ശേഷം വിമാനം ന്യൂവാർക്കിലേക്ക് യാത്ര തുടർന്നു. യാത്ര തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ശാന്തമായിരുന്ന അന്തരീക്ഷം പെട്ടെന്നാണ് ബഹളമയമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അക്രമാസക്തനായ യാത്രക്കാരൻ തൊട്ടടുത്തിരുന്ന ആളുടെ കഴുത്തില്‍ പിടിച്ച് ഉപദ്രവിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനടക്കമുള്ള മറ്റു യാത്രക്കാർ ഇടപെട്ടു. തുടർന്ന് വിമാന ജീവനക്കാർ നല്‍കിയ സിപ്പ് ടൈകളും ടേപ്പും ഉപയോഗിച്ച് ഇയാളെ സീറ്റില്‍ കെട്ടിയിട്ടു.
ശാരീരികമായി ഉപദ്രവിക്കുന്നതിന് മുൻപ് ഇയാളെ ശാന്തനാക്കാൻ ശ്രമിച്ച വിമാന ജീവനക്കാർക്ക് നേരെ ഇയാള്‍ വംശീയവും അധിക്ഷേപകരവുമായ വാക്കുകള്‍ ഉപയോഗിച്ചതായും യാത്രക്കാർ ആരോപിച്ചു. സ്ഥിതിഗതികള്‍ വഷളായതോടെയാണ് പൈലറ്റുമാർ വിമാനം ബാള്‍ട്ടിമോറിലിറക്കാൻ തീരുമാനിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുൻഗണന നല്‍കുന്നതെന്നും അക്രമസംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
. സംസ്ഥാന തലത്തിലുള്ള കേസുകളില്‍ കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തുന്നതിനെക്കുറിച്ച് അമേരിക്കൻ അറ്റോർണി ഓഫീസുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് എഫ്.ബി.ഐ അറിയിച്ചു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.