അയർലണ്ട്: ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന ഓസ്ട്രേലിയക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർധന. 2025-ല്‍ 1,883 ഓസ്ട്രേലിയക്കാർ ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ചതായി അയർലണ്ട് വിദേശകാര്യ വകുപ്പ് അറിയിച്ചു.
2013-ല്‍ ഇലക്‌ട്രോണിക് രേഖകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. ഐറിഷ് വംശപരമ്പരയുടെ അടിസ്ഥാനത്തില്‍ ഫോറിൻ ബർത്തസ് രജിസ്റ്റർ വഴിയാണ് ഭൂരിഭാഗം അപേക്ഷകളും സമർപ്പിച്ചിരിക്കുന്നത്. 2026-ല്‍ ഇതുവരെ ഏകദേശം 800 അപേക്ഷകള്‍ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.വിദഗ്ധരുടെ അഭിപ്രായത്തില്‍, ഐറിഷ് പാസ്‌പോർട്ട് കൈവശമുണ്ടെങ്കില്‍ യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ലഭിക്കുന്ന അവകാശമാണ് അപേക്ഷകളുടെ കുതിപ്പിന് പ്രധാന കാരണം. യാത്രാ സൗകര്യവും ഭാവിയിലെ തൊഴില്‍ അവസരങ്ങളും കുടുംബങ്ങള്‍ കൂടുതലായി പരിഗണിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
ഐറിഷ് പൗരത്വത്തിനായുള്ള വർധിച്ച ആവശ്യകത മൂലം അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധിയും ഗണ്യമായി ഉയർന്നിട്ടുണ്ട്. അതേസമയം, ഓസ്ട്രേലിയയില്‍ ഐറിഷ് വംശജരുടെ വലിയ സാന്നിധ്യവും യൂറോപ്പിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള ആഗ്രഹവുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്നാണ് വിലയിരുത്തല്‍.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.