ഇനി സുഫ്രിയ കാലം: ഉദിച്ചാല്‍ രാത്രി തണുക്കുന്ന സുഹൈല്‍ നക്ഷത്രം: യുഎഇയുടെ ആകാശത്ത് സുഹൈലിന്റെ ഉദയം 24ന്;

ദുബൈ : യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം (Canopus) ഓഗസ്റ്റ് 24ന് പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അല്‍ ജർവാൻ അറിയിച്ചു.

അറബ് പാരമ്പര്യത്തില്‍ സുഹൈലിന്റെ ഉദയം വേനല്‍ക്കാലത്തെ അതിശക്തമായ ചൂട് ക്രമേണ കുറയുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഈ വർഷവും യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയർന സാഹചര്യത്തില്‍ സുഹൈലിന്റെ വരവിന് പ്രത്യേക പ്രാധാന്യമുണ്ട്.

 സുഹൈല്‍ ഉദിച്ചതിന് ശേഷം ഏകദേശം 40 ദിവസം നീളുന്ന ‘സുഫ്രിയ’ (Sufriya) എന്ന കാലാവസ്ഥാ പരിവർത്തന ഘട്ടത്തിലേക്ക് യുഎഇ കടക്കുന്നതായാണ് പരമ്പരാഗത കണക്കുകൂട്ടല്‍. സുഹൈല്‍ ഉദിച്ചാല്‍ രാത്രി തണുക്കും’ എന്ന പഴയ അറബ് ചൊല്ലും ഈ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്.

സുഹൈല്‍ ഉദിച്ചാല്‍ ശരിക്കും ചൂട് കുറയുമോ?

ഇല്ല. സുഹൈല്‍ നക്ഷത്രത്തിന് ഭൂമിയിലെ കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കാനുള്ള യാതൊരു ശാസ്ത്രീയ പങ്കുമില്ല. ഏകദേശം 300 പ്രകാശവർഷം അകലെയുള്ള ഈ നക്ഷത്രത്തിന് യുഎഇയിലെ താപനില, കാറ്റ്, ഈർപ്പം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളെ മാറ്റാൻ കഴിയില്ല.

ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ജനറല്‍ പ്രൊഫസർ ഹമീദ് അല്‍ നഈമി നേരത്തെയും സുഹൈലിന് കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ടുള്ള ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സുഹൈലിന്റെ ഉദയം കാലാവസ്ഥാ മാറ്റത്തിന്റെ സ്വാഭാവിക സമയക്രമവുമായി ഒത്തുചേരുന്നു. അതുകൊണ്ടുതന്നെ പുരാതന അറബ് സമൂഹങ്ങള്‍ക്ക് ഇത് ആകാശത്തിലെ ഒരു പ്രകൃതിദത്ത കലണ്ടർ സൂചകമായി മാറുകയായിരുന്നു.

ഓഗസ്റ്റ് 25 മുതല്‍ തന്നെ തണുപ്പ് പ്രതീക്ഷിക്കേണ്ടതില്ല

ഓഗസ്റ്റ് 24നു സുഹൈല്‍ ഉദിച്ചതിന്റെ അടുത്ത ദിവസം തന്നെ യുഎഇയില്‍ വലിയ താപനില ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. സെപ്റ്റംബർ മാസത്തിലും ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ട്.

അല്‍ ജർവാൻ ഇതിനെ തീ അണച്ച ശേഷവും ചൂട് നിലനില്‍ക്കുന്ന പാത്രത്തോട് ഉപമിച്ചിട്ടുണ്ട്. ചൂട് നല്‍കുന്ന തീവ്രത കുറഞ്ഞാലും നേരത്തെ സംഭരിച്ച ചൂട് പെട്ടെന്ന് അപ്രത്യക്ഷമാകില്ല.

സുഹൈലിന്റെ വരവിന് ശേഷമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ ആദ്യം കൂടുതല്‍ ശ്രദ്ധേയമാകുന്നത് രാത്രികളിലായിരിക്കും. ഏകദേശം 40 ദിവസം നീളുന്ന സുഫ്രിയ കാലയളവില്‍ കാലാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരാം. ഒക്ടോബർ മധ്യത്തോടെ ‘വസം’ (Wasm) കാലഘട്ടം ആരംഭിക്കുന്നതോടെ കാലാവസ്ഥ കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്നാണ് പരമ്പരാഗത കണക്കുകൂട്ടല്‍.

സുഹൈല്‍ ഒരു കാലാവസ്ഥാ കലണ്ടർ

ആധുനിക കാലത്ത് കാലാവസ്ഥ പ്രവചിക്കാൻ ഉപഗ്രഹങ്ങളും കാലാവസ്ഥാ സ്റ്റേഷനുകളും കമ്പ്യൂട്ടർ മോഡലുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും, പുരാതന അറബ് സമൂഹങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

സുഹൈല്‍ യുഎഇയിലെ പരമ്പരാഗത ജ്യോതിശാസ്ത്ര കലണ്ടറായ ‘അല്‍ ദുരൂർ’ (Al Duroor) സംവിധാനവുമായി ഏറെ ബന്ധപ്പെട്ടിരുന്നു. വർഷത്തെ 36 പത്ത് ദിവസ കാലയളവുകളായി വിഭജിക്കുന്ന ഈ സമ്പ്രദായത്തില്‍ ഓരോ ഘട്ടത്തിനും പ്രത്യേക ജ്യോതിശാസ്ത്ര-കാലാവസ്ഥാ സവിശേഷതകള്‍ കണക്കാക്കപ്പെട്ടിരുന്നു.

കൃഷി, വിളവെടുപ്പ്, കാറ്റിന്റെയും മഴയുടെയും സാധ്യത, മത്സ്യബന്ധനം, മത്സ്യങ്ങളുടെ പ്രജനനകാലം, ദേശാടനപ്പക്ഷികളുടെ സഞ്ചാരം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാൻ ഈ അറിവ് ഉപയോഗിച്ചിരുന്നു.

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സുഹൈലുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ ഇന്നും രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി, ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി, എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി, ഇന്റർനാഷണല്‍ ആസ്ട്രോണമിക്കല്‍ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും ഈ പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ പങ്കാളികളാണ്.

കർഷകർക്ക് കൃഷിയുടെ സമയക്രമം നിശ്ചയിക്കാനും മത്സ്യത്തൊഴിലാളികള്‍ക്കും നാവികർക്കും കടലിലെ കാലാവസ്ഥാ മാറ്റങ്ങള്‍ മനസ്സിലാക്കാനും യാത്രക്കാർക്ക് അനുയോജ്യമായ കാലഘട്ടങ്ങള്‍ തിരിച്ചറിയാനും ഈ നക്ഷത്രാധിഷ്ഠിത അറിവ് സഹായിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network