ഏഥൻസ്: യൂറോപ്യൻ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് കാട്ടുതീ പടരുന്നു. ഗ്രീക്ക് ദ്വീപായ സലാമിനയിലുണ്ടായ ഇരട്ട കാട്ടുതീയില്‍ രണ്ട് പേർ മരിച്ചു.ഞായറാഴ്ച മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദ്വീപിൻ്റെ രണ്ട് ഭാഗങ്ങളിലായി തീപിടിത്തമുണ്ടായത്.
ശക്തമായ കാറ്റില്‍ ജനവാസ മേഖലയിലേക്ക് തീ അതിവേഗം പടർന്നതിനെ തുടർന്ന് ബീച്ചില്‍ എത്തിയ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 500-ഓളം പേരെ കോസ്റ്റ് ഗാർഡിൻ്റെയും സ്വകാര്യ ബോട്ടുകളുടെയും സഹായത്തോടെ കടല്‍മാർഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ദ്വീപിൻ്റെ തെക്കുഭാഗത്തുള്ള പെരിസ്റ്റീരിയയില്‍ നിന്നാണ് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കടുത്ത പുക ശ്വസിച്ചും പൊള്ളലേറ്റും പത്തിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് ഭാഗത്തുനിന്നും പടരുന്ന തീ മലനിരകള്‍ കടന്ന് ഒന്നുചേരാതിരിക്കാൻ ഇരുനൂറിലധികം അഗ്നിശമനസേനാംഗങ്ങളും വിമാനങ്ങളും രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഒരു ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കിഴക്കൻ ബെല്‍ജിയത്തിലെ പ്രശസ്തമായ ‘ഹൈ ഫെൻസ്’ പ്രകൃതിദത്ത വനമേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 30 ചതുരശ്ര കിലോമീറ്റർ പ്രദേശം കത്തിയമർന്നു. ബെല്‍ജിയത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണിത്.
തീ അതിവേഗം അതിർത്തി കടന്ന് ജർമ്മനിയിലേക്ക് പടരുന്നത് തടയാൻ ബെല്‍ജിയം, ജർമ്മനി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലെ സംയുക്ത സേന രംഗത്തുണ്ട്. സുരക്ഷ മുൻനിർത്തി 600-ഓളം താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചു. അന്താരാഷ്ട്ര സഹായത്തിനായി ബെല്‍ജിയം യൂറോപ്യൻ യൂണിയൻ്റെ അടിയന്തര സഹായം തേടിയിട്ടുണ്ട്.
യുകെയിലും ഫ്രാൻസിലും സ്ഥിതി ഗുരുതരം
കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ കാടുകളില്‍ പടർന്ന തീയില്‍ 420 ചതുരശ്ര കിലോമീറ്റർ വനം പൂർണ്ണമായും നശിച്ചു. ലക്ഷക്കണക്കിന് ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത്.
ബ്രിട്ടനിലെ സൗത്ത് വെയില്‍സില്‍ മാത്രം 14 ഇടങ്ങളിലാണ് നിലവില്‍ കാട്ടുതീ പടരുന്നത്. വെസ്റ്റ് മിഡ്‌ലാൻഡ്‌സില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 38.1°C രേഖപ്പെടുത്തിയിരുന്നു.
ക്രൊയേഷ്യയിലും തീരദേശത്തുണ്ടായ കാട്ടുതീയില്‍ ഒരാള്‍ മരിക്കുകയും ആയിരത്തിലധികം പേരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍ യൂറോപ്യൻ രാജ്യങ്ങളില്‍ കനത്ത ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.