മഴക്കെടുതിയിൽ വിറച്ച് ചൈന; 10 മരണം; പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ട്, ജാഗ്രതാ നിർദേശം,

സിചുവാൻ: തെക്കുപടിഞ്ഞാറൻ ചൈനയിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ വീട് തകർന്നുവീണും മണ്ണിടിച്ചിലിൽപെട്ടും 10 പേർ കൊല്ലപ്പെട്ടു. പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് മേഖലയിൽ നിന്ന് ഇരുപതിനായിരത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സി.സി.ടി.വിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. സിചുവാൻ പ്രവിശ്യയിലാണ് മഴക്കെടുതി രൂക്ഷമായത്. കുട്ടികളുടെ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷവിരുന്നിനിടെ പെയ്ത കനത്ത മഴയിൽ മേൽക്കൂരയും ചുവരും തകർന്നുവീണ് അഞ്ച് പേർ മരിച്ചു. 

ചാങ്നിങ് കൗണ്ടിയിലെ വീടിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവസ്ഥലത്ത് വെച്ച് മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് പേരുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ചെങ്ദു, സിഗോങ് തുടങ്ങിയ പ്രധാന മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ 21,784 പേരെ ദുരന്തനിവാരണ സേന ഒഴിപ്പിച്ചു. സിചുവാൻ പ്രവിശ്യാ ഭരണകൂടം പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയിൽ മലയോര മേഖലകളായ ഗാർസെ, അബ എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതം പൂർണമായി നിർത്തിവച്ചു.

ഗുവാങ്‌സി മേഖലയിലെ നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേരാണ് മരിച്ചത്. കുടുങ്ങിക്കിടന്ന ഇവരെ പിന്നീട് രക്ഷാപ്രവർത്തകർ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മലയോര താഴ്‌വരകളിൽ അയഞ്ഞ മണ്ണും പാറക്കല്ലുകളും നിറഞ്ഞത് മണ്ണിടിച്ചിലിന്റെ ആഘാതം കൂട്ടി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വേനൽക്കാലത്തിന്റെ തുടക്കം മുതൽ തെക്കുപടിഞ്ഞാറൻ ചൈനയുടെ വിവിധ ഭാഗങ്ങളിലും ഗുവാങ്‌സിയിലും ശക്തമായ മഴയാണ് പെയ്യുന്നത്. വരും ദിവസങ്ങളിലും പലയിടത്തും പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !