ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും അദിയാല ജയിലിലേക്ക് മടങ്ങി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമാബാദിലെ ഷിഫ ഇന്റർനാഷണല്‍ ആശുപത്രിയില്‍ നടത്തിയ വിശദമായ വൈദ്യപരിശോധനയ്‌ക്ക് ശേഷമാണ് അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചെത്തിച്ചത്.
73കാരനായ ഇമ്രാൻ ഖാനെ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. അദ്ദേഹത്തെ കസ്റ്റഡിയില്‍ തന്നെ തുടരുന്നത് സുരക്ഷിതമാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ അദ്ദേഹത്തെ ജയിലിലെ സെല്ലിലേക്ക് മാറ്റിയത്.വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇമ്രാൻ ഖാനെ അദിയാല ജയിലില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധന കണക്കിലെടുത്ത് ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇമ്രാൻ ഖാന്റെ വ്യക്തിഗത ഡോക്ടർ ഉള്‍പ്പെടുന്ന മെഡിക്കല്‍ പാനലിന് പരിശോധന നടത്താൻ അനുമതി നല്‍കിയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി നിർദേശത്തിനെതിരെ പാകിസ്താൻ സർക്കാർ നല്‍കിയ റിവ്യൂ ഹർജി രജിസ്ട്രാർ ഓഫീസ് ചില തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയച്ചു. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം സർക്കാർ വീണ്ടും ഹർജി സമർപ്പിക്കുമെന്നാണ് വിവരം.
ഇമ്രാൻ ഖാന്റെ ആരോഗ്യനിലയില്‍ അഭിഭാഷകരും കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ നിലപാട്.
കഴിഞ്ഞ ജനുവരി അവസാനത്തോടെ ഇമ്രാൻ ഖാന്റെ വലതുകണ്ണില്‍ റെറ്റിനല്‍ വെയിൻ ഒക്ലൂഷൻ (Retinal Vein Occlusion) സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പലതവണ അദ്ദേഹത്തിന് ചികിത്സ തേടേണ്ടിവന്നു. ആവശ്യമായ സാഹചര്യമുണ്ടായാല്‍ ഇമ്രാൻ ഖാനെ വിദേശത്തേക്ക് ചികിത്സയ്‌ക്കായി അയക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഫെഡറല്‍ മന്ത്രി താരിഖ് ഫസല്‍ ചൗധരിയും സൂചന നല്‍കിയിട്ടുണ്ട്.
2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാൻ, തനിക്കെതിരായ കേസുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് തുടർച്ചയായി ആരോപിക്കുന്നത്. തോഷഖാന അഴിമതി കേസ് ഉള്‍പ്പെടെയുള്ള വിവിധ കേസുകളിലാണ് അദ്ദേഹം തടവില്‍ കഴിയുന്നത്.
അതേസമയം, ഇമ്രാൻ ഖാന്റെ മോചനത്തിനായി പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (PTI) പ്രതിഷേധം ശക്തമാക്കുകയാണ്. സെപ്റ്റംബർ 27ന് രാജ്യവ്യാപകമായി മാർച്ച് നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.