പാലക്കാട് നെന്മാറയില്‍ കൂകി ഉണർത്താറുള്ള പൂവൻകോഴി മുട്ടയിട്ടെന്ന വാർത്ത സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ വൈറലാകുകയാണ്. ആണ്‍കോഴി എങ്ങനെ മുട്ടയിടും എന്ന ചോദ്യവുമായി നിരവധി പേരാണ് അദ്ഭുതത്തോടെ ഈ വാർത്ത പങ്കുവെക്കുന്നത്.
എന്നാല്‍ ബാഹ്യരൂപത്തില്‍ പൂവൻകോഴിയായി തോന്നുമെങ്കിലും ഇതിന് പിന്നില്‍ തികച്ചും ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ജീവശാസ്ത്രപരമായി 'സെക്സ് റിവേഴ്സല്‍' (Sex Reversal) അഥവാ ലിംഗമാറ്റം എന്ന പ്രതിഭാസമാണ് ഇവിടെ സംഭവിച്ചിട്ടുണ്ടാകുക. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി പെണ്‍കോഴികള്‍ക്ക് ZW ക്രോമസോമും ആണ്‍കോഴികള്‍ക്ക് ZZ ക്രോമസോമുമാണുള്ളത്.അതുപോലെ മനുഷ്യരില്‍ രണ്ട് അണ്ഡാശയങ്ങള്‍ ഉള്ളപ്പോള്‍ പിടക്കോഴികളില്‍ ഇടതുവശത്തെ അണ്ഡാശയം (Left Ovary) മാത്രമേ സജീവമായി പ്രവർത്തിക്കുകയുള്ളൂ.
എന്നാല്‍ അണുബാധയോ, ട്യൂമറോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസുഖങ്ങളോ കാരണം ഈ ഇടത് അണ്ഡാശയത്തിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്റെ ഉത്പാദനം ഗണ്യമായി കുറയുന്നു. ഈ ഘട്ടത്തില്‍ വലതുവശത്തുള്ള പ്രവർത്തനരഹിതമായ ലിംഗഗ്രന്ഥി (Gonadal Tissue) വളരുകയും ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോർമോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടാൻ തുടങ്ങുകയും ചെയ്യും.
ഇതോടെ കോഴിയുടെ തലയിലെ പൂവും താടയും വലുതാവുകയും, കാലുകളില്‍ കൂർത്ത നഖങ്ങള്‍ (Spur) വളരുകയും, ആണ്‍കോഴിയെപ്പോലെ ശബ്ദമുണ്ടാക്കി കൂവാനും തുടങ്ങും. ബാഹ്യരൂപത്തിലും പെരുമാറ്റത്തിലും പൂർണ്ണമായും പൂവൻകോഴിയായി മാറുമെങ്കിലും ഉള്ളില്‍ വീണ്ടും അണ്ഡാശയം ഭാഗികമായി വീണ്ടെടുക്കപ്പെടുമ്പോള്‍ ഇവ മുട്ടയിടാൻ കാരണമാകുന്നു. അതായത് അത്ഭുതമല്ല, മറിച്ച് പ്രകൃതിയുടെ അപൂർവ്വമായ ഒരു ഹോർമോണ്‍ വ്യതിയാനം മാത്രമാണിതെന്ന് മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.