ബ്രാംപ്ടൺ : ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി 6,000 ഡോളർ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജരായ യുവാവും യുവതിയും അറസ്റ്റിൽ.
ബ്രാംപ്ടൺ സ്വദേശികളായ ഹർവീന്ദർ സിങ് (35), റിയ(23) എന്നിവരെയാണ് പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ മാസത്തിൽ മനീഷ ശർമ്മ എന്ന വ്യാജ ഓൺലൈൻ പ്രൊഫൈൽ വഴിയാണ് തട്ടിപ്പുകാർ ഇരയായ വ്യക്തിയെ ബന്ധപ്പെട്ടത്.തുടർന്ന് ടോർബ്രാം റോഡിനും പീറ്റർ റോബർട്ട്സൺ ബൊളീവാർഡിനും സമീപമുള്ള ഒരു ബേസ്മെന്റ് അപ്പാർട്ട്മെന്റിൽ കൂടിക്കാഴ്ചക്കായി വിളിപ്പിച്ചു. പരാതിക്കാരൻ അപ്പാർട്ട്മെന്റിൽ എത്തിയ ഉടൻ മറ്റൊരു യുവാവ് മുറിയിലേക്ക് അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തി ഇ-ട്രാൻസ്ഫർ വഴി ബലമായി 6,000 ഡോളർ തട്ടിയെടുക്കുകയുമായിരുന്നു.
ഓഗസ്റ്റ് 12-ന് അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, കവർച്ച, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഹർവീന്ദർ സിങ്ങിനെതിരെ വ്യക്തിപരമായ ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. ഇവരെ ഒന്റാരിയോ കോടതിയിൽ ഹാജരാക്കാൻ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതൽ പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും, സമാന അനുഭവമുള്ളവർ പോലീസിനെയോ ക്രെൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.