ഉടൻ ഒഴിയണം, കെട്ടിടം പൊളിക്കും!: സിഖ് ആരാധനാലയം തകർക്കുമെന്ന് ഭീഷണി, അന്വേഷണം,

കാനഡ:  കാനഡയിലെ കാൽ​ഗറിയൽ പ്രമുഖ സിഖ് ആരാ​ധനാലയമായ ദഷ്മേഷ് കൾച്ചറൽ സെന്ററിന് (Dashmesh Culture Centre) ഭീഷണി. ഫോൺ വഴിയാണ് സ്ഥാപനത്തിലേക്ക് ഭീഷണി സന്ദേശം എത്തിയത്.

സംഭവത്തെത്തുടർന്ന് കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ ദിവസം  ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സ്ഥാപനത്തിലേക്ക് ആദ്യ കോൾ എത്തിയത്. പാർക്കിംഗ് ലോട്ടിൽ നിന്ന് വാഹനങ്ങൾ മാറ്റണമെന്നും, നിർമ്മാണ സാമഗ്രികളുമായി ക്രൂ ഉടൻ എത്തുമെന്നുമായിരുന്നു വിളിച്ചയാൾ ആദ്യമറിയിച്ചത്. എന്നാൽ അത്തരം ജോലികളൊന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ജീവനക്കാർക്ക് സംശയം തോന്നി.

തുടർന്ന് ഫോൺ മാനേജിംഗ് ചെയർമാന് കൈമാറി. സംസാരിക്കുന്നതിനിടെ പ്രകോപിതനായ വ്യക്തി, സാംസ്കാരിക കേന്ദ്രം പൊളിച്ചുനീക്കാൻ വരികയാണെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ചെയർമാൻ ഫോൺ കോൾ ഉടൻ കട്ട്ചെയ്തെങ്കിലും, മറ്റൊരു നമ്പറിൽ നിന്ന് വീണ്ടും വിളിച്ച് ആളുകളോട് കെട്ടിടത്തിൽ നിന്ന് ഉടൻ പുറത്തുപോകാൻ ആവശ്യപ്പെട്ടു. പ്രയറി പ്രവിശ്യകളിലെ ഏറ്റവും വലിയ സിഖ് ആരാധനാലയങ്ങളിലൊന്നായ ഇവിടെ ഭീഷണി സന്ദേശം എത്തിയ സമയത്ത് സന്ദർശകരും കുടുംബങ്ങളും കുട്ടികളും ഉണ്ടായിരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

വിവരമറിയിച്ചതിനെത്തുടർന്ന് കാൽഗറി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതടക്കമുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഈ ഭീഷണിക്ക് പിന്നിൽ വംശീയമായോ വർഗ്ഗീയമായോ ഉള്ള ലക്ഷ്യങ്ങളുണ്ടോ എന്ന് വ്യക്തമല്ലെന്ന് സെന്റർ ഓപ്പറേഷൻസ് ഡയറക്ടർ രാജ് സിദ്ധു പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും എല്ലാവർക്കും പ്രവേശനം നൽകുന്നത് സ്ഥാപനം തുടരുമെന്നും, സമൂഹം ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കാൽഗറി പോലീസിന്റെ ഔദ്യോഗിക  പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !