ടോക്കിയോ: കിഴക്കൻ ജപ്പാനില്‍ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 23 പേർക്ക് പരിക്കേറ്റു.
റിക്ടർ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നെങ്കിലും സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ടോക്കിയോയ്ക്ക് വടക്കുകിഴക്കുള്ള തെക്കൻ ഇബരാക്കി പ്രവിശ്യയില്‍, ഭൂമിക്കടിയില്‍ ഏകദേശം 70 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ഭൂകമ്പം ഉണ്ടായത്.ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടയില്‍ വീണും, വീട്ടുപകരണങ്ങള്‍ തലയില്‍ തട്ടിയുമാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂകമ്പത്തെത്തുടർന്ന് ടോക്കിയോയിലെ ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ഭൂഗർഭ ജലസംഭരണി പൈപ്പ് പൊട്ടി റോഡുകളില്‍ വെള്ളം ഉയരുകയും ചെയ്തു. ടോക്കിയോയിലെ പ്രധാന വിമാനത്താവളമായ നരിതയിലേക്കുള്ള ട്രെയിൻ സർവീസുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍ ഗതാഗതം മണിക്കൂറുകളോളം വൈകിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, മേഖലയിലെ ആണവനിലയങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് ജപ്പാൻ ആണവ നിയന്ത്രണ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ തുടർചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.