പടര്‍ന്നുപിടിച്ച്‌ തീജ്വാലകള്‍; വീടുകള്‍ ചാരമായി, രാജ്യത്തെ നടുക്കി കാട്ടുതീ, 90,000 പേരെ ഒഴിപ്പിക്കുന്നു, അതീവ ജാഗ്രതാ നിർദ്ദേശം,

നെവാഡ: അമേരിക്കൻ സംസ്ഥാനമായ നെവാഡയില്‍ വടക്കുപടിഞ്ഞാറൻ റെനോ മേഖലയില്‍ അതിശക്തമായ കാട്ടുതീ ജനവാസ മേഖലകളിലേക്ക് പടരുന്നു. പ്രദേശത്തെ 42,000 പേർക്ക് നിർബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയപ്പോള്‍, 45,000-ത്തിലധികം ആളുകള്‍ക്ക് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ആകെ 90,000-ത്തോളം താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച തീപിടിത്തം അതിവേഗം പടർന്നതിനെത്തുടർന്ന് നെവാഡ ഗവർണർ ജോ ലോംബാർഡോ വാഷോ കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവില്‍ പതിനയ്യായിരത്തോളം ഏക്കർ ഭൂമി കാട്ടുതീയില്‍ കത്തിയമർന്നതായാണ് വിവരം. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും മൂലം തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

തുടർ വിവരങ്ങള്‍ പ്രകാരം തീപിടിത്തത്തിന് കാരണം മനുഷ്യൻ്റെ ഇടപെടലാണെന്ന് ട്രക്കീ മെഡോസ് ഫയർ പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കി. എന്നാല്‍ ഇത് മനഃപൂർവം ചെയ്തതാണോ എന്നതില്‍ വ്യക്തതയില്ലെന്നും കൃത്യമായ കാരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുകയാണെന്നും റെനോ ഫയർ ചീഫ് ഡേവിഡ് കൊക്രാൻ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് സാധാരണക്കാർക്കും മൂന്ന് ആദ്യ രക്ഷാപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്തെ അയ്യായിരത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും ഇതിനോടകം കത്തിയമർന്നതായാണ് റിപ്പോർട്ട്.

യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം

ആയിരത്തോളം അഗ്നിശമന സേനാംഗങ്ങള്‍ എയർടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളുമായി തീ അണയ്ക്കാൻ ശ്രമിച്ചുവരികയാണ്. കാലിഫോർണിയ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാല്‍ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിൻ്റെ നേതൃത്വത്തിലുള്ള സംഘവും വ്യോമ-കരമാർഗ്ഗങ്ങളിലൂടെ രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. 

വരും ദിവസങ്ങളില്‍ കാറ്റിൻ്റെ വേഗത കൂടുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ എത്രയും വേഗം പ്രദേശം ഒഴിഞ്ഞുപോകണമെന്ന് അധികൃതർ ആവർത്തിച്ച്‌ നിർദ്ദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !