വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകളില്‍ ഇറാൻ സ്ഥാപിച്ച കടല്‍ മൈനുകള്‍ നീക്കം ചെയ്തതായി യുഎസ് സൈന്യം.
തന്ത്രപ്രധാനമായ ജലപാതയിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലെ പ്രധാന നേട്ടമാണിതെന്ന് യുഎസ് അറിയിച്ചു. യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറാണ് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥാപിച്ച മൈനുകളാണ് നീക്കം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.യുഎസ് നാവിക, വ്യോമ സേനകളുടെ വിവിധ വിഭാഗങ്ങളെ ഉപയോഗിച്ച് മാസങ്ങളോളം നീണ്ട രഹസ്യവും സൂക്ഷ്മവുമായ ദൗത്യത്തിലൂടെയാണ് മൈനുകള്‍ നീക്കം ചെയ്തത്. ഏറെ അപകടകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവർത്തനമായിരുന്നെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി കൂപ്പർ വ്യക്തമാക്കി. അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട കപ്പല്‍പാതകള്‍ ഇപ്പോള്‍ ഇറാന്റെ കടല്‍ മൈനുകളില്‍ നിന്ന് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ വിന്യസിച്ചിരിക്കുന്ന ഏകദേശം 50,000 യുഎസ് സൈനികർ ഇറാനെതിരായ നാവിക ഉപരോധം നടപ്പാക്കുന്നതിനൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം സുഗമമാക്കുന്നുണ്ടെന്നും കൂപ്പർ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്.
ആഗോള എണ്ണ, വാതക കയറ്റുമതിയുടെ വലിയൊരു പങ്ക് ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. യുഎസ്, ഇസ്രയേല്‍, ഇറാൻ സംഘർഷത്തെ തുടർന്ന് ഇവിടെ കപ്പല്‍ ഗതാഗതം വലിയ തോതില്‍ തടസ്സപ്പെട്ടിരുന്നു. ഇതിനിടെ ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കാനുള്ള നടപടികളും യുഎസ് തുടരുകയാണ്.
ഇറാനുമായി സാമ്പത്തിക ബന്ധം നിലനിർത്തുന്ന രാജ്യങ്ങള്‍ക്ക് യുഎസ് ഡോളർ സംവിധാനത്തിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിലുള്ള നീക്കം ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങള്‍ക്കെതിരായ സാമ്പത്തിക ആക്രമണമാണെന്നും ബെസന്റ് പറഞ്ഞു.
അതേസമയം, ഇറാൻ കടുത്ത പ്രതിസന്ധിയിലാണെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസിനാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ സൈനികർക്ക് ഇപ്പോള്‍ ശമ്പളം നല്‍കുന്നില്ല. അവർ വലിയ പ്രതിസന്ധിയിലാണ്. ശേഷിക്കുന്ന ശേഷിയും വളരെ കുറവാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രാത്രി 24 കപ്പലുകള്‍ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിട്ടതായും ട്രംപ് അവകാശപ്പെട്ടു.
"ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്. നിയന്ത്രണം ഞങ്ങള്‍ക്കാണ്. ഞങ്ങള്‍ക്ക് ഉപരോധവുമുണ്ട്. ഇറാന് ഒന്നും ലഭിക്കുന്നില്ല. ഒന്നും കടന്നുപോകുന്നില്ല. ഒരു കപ്പലും കടന്നുപോകുന്നില്ല," എന്നും ട്രംപ് കൂട്ടിച്ചേർത്തു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.