ഓട്ടവ: ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക രംഗത്തും ബാങ്കിംഗ് മേഖലയിലും ലഭ്യമായ വൻ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കനേഡിയൻ ധനകാര്യ സ്ഥാപനങ്ങളെ ക്ഷണിച്ച് ഇന്ത്യൻ ധനമന്ത്രി നിർമ്മലാ സീതാരാമൻ.
ടൊറന്റോയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രമുഖ ബാങ്കിംഗ്, പേയ്‌മെന്റ് എക്സിക്യൂട്ടീവുകളുമായി സംസാരിക്കവേയാണ് ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ പങ്കാളികളാകാൻ ധനമന്ത്രി ക്ഷണിച്ചത്.സി.ഐ.ബി.സി (CIBC) ബാങ്ക് ഇന്റർനാഷണൽ മേധാവി വെയ്ൻ ലീയുമായുള്ള ചർച്ചയിൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ ബാങ്കിംഗ് മേഖലയെ കൂടുതൽ ബാധ്യതാരഹിതവും സുതാര്യവുമാക്കി മാറ്റിയെന്ന് മന്ത്രി വ്യക്തമാക്കി. പേയ്‌മെന്റ്സ് കാനഡ സി.ഇ.ഒ സൂസൻ ഹോക്കിൻസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ലോകോത്തര ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയെക്കുറിച്ചും അവർ വിശദീകരിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ശക്തമായ ജനകീയ ബന്ധവും വലിയ തോതിലുള്ള പണമയക്കലുകളും പരിഗണിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ഫിൻടെക് കമ്പനികൾക്കും സാമ്പത്തിക സേവനങ്ങൾക്കുമായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി (GIFT-IFSC) മികച്ചൊരു ആഗോള കേന്ദ്രമായി വളരുകയാണെന്നും കനേഡിയൻ സ്ഥാപനങ്ങൾക്കിത് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.