കാഠ്മണ്ഡു: ഹിമാലയൻ മേഖലയിലെ പരിസ്ഥിതിത്തകർച്ച ഇന്ത്യക്കും നേപ്പാളിനും ഉൾപ്പെടെ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും വലിയ ഭീഷണിയാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ.
ഹിമാലയത്തിൽ മഞ്ഞുരുകിയാൽ അത് സമുദ്രനിരപ്പ് ഉയർത്തുമെന്നു വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള് മാറ്റിവച്ച് ഇന്ത്യ, ചൈന, നേപ്പാൾ ഭൂട്ടാൻ രാജ്യങ്ങൾ സംയുക്തമായി പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്ത്തിക്കണമെന്നും ആവശ്യപ്പെട്ടു.ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തെ എപ്പോഴും ‘റൊട്ടി-ബേട്ടി’’, ‘സീതാ-രാമ’ തുടങ്ങിയ സാംസ്കാരിക, മതപരമായ പശ്ചാത്തലങ്ങളിലാണ് കാണാറുള്ളതെന്നും എന്നാൽ ഇനിമുതൽ ഈ ബന്ധത്തെ പരിസ്ഥിതിസൗഹൃദ വീക്ഷണകോണിലൂടെ പുനര്നിര്വചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മന്ത്രി ഓര്മിപ്പിച്ചു.
“മാറ്റങ്ങള് സംഭവിക്കുമ്പോൾ അപകടസാധ്യതകൾ വര്ധിക്കും. ഇത് മേഖലയിലെ 200 കോടിയോളം ജനങ്ങളുടെ ശുദ്ധജല ലഭ്യതയെ ബാധിക്കും. ഇത് മനുഷ്യനാഗരികതയ്ക്കുതന്നെയുള്ള ഭീഷണിയാണ്. അതിനാൽ നാമെല്ലാവരും ഒരുമിച്ചുനിന്ന് പ്രവര്ത്തിക്കേണ്ടത് അനിവാര്യമാണ്’’ -ഖനാല് ചൂണ്ടിക്കാട്ടി.
ഇത്തവണ പ്രളയജലം അതിര്ത്തി കടന്ന് വലിയ നാശനഷ്ടം വരുത്തിയില്ലെങ്കിലും മുന്കാലങ്ങളിൽ ഇത്തരം ദുരന്തങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ആവര്ത്തിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ഓര്മിപ്പിച്ചു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.