ഡബ്ലിൻ: അയർലണ്ടിലെ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഐറാൻ (Met Éireann) വരാനിരിക്കുന്ന 2026–2027 വർഷത്തെ കൊടുങ്കാറ്റുകളുടെ പുതിയ പേരുകൾ പ്രഖ്യാപിച്ചു.
യുകെ മെറ്റ് ഓഫീസ് (UK Met Office), നെതർലാൻഡ്‌സിലെ കെഎൻഎംഐ (KNMI) എന്നിവരുമായി സംയുക്തമായാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ പുതിയ കൊടുങ്കാറ്റ് സീസൺ ഔദ്യോഗികമായി ആരംഭിച്ചു.
മെറ്റ് ഐറീന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച്, അയർലണ്ടിന്റെ കാലാവസ്ഥാ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളുടെ പേരുകളും ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐറിഷ് കാലാവസ്ഥാ സർവീസിന്റെ ആദ്യ ഡയറക്ടറായിരുന്ന ഓസ്റ്റെൻ നാഗ്ലെയുടെ (Austen Nagle) ഓർമ്മയ്ക്കായി ആദ്യ കൊടുങ്കാറ്റിന് 'ഓസ്റ്റെൻ' (Austen) എന്നും, ആദ്യ വനിതാ മെറ്റീരിയോളജിക്കൽ ഓഫീസറായിരുന്ന മിറിയം ലിയോൺസിന്റെ (Miriam Lyons) ഓർമ്മയ്ക്കായി 'മിറിയം' (Miriam) എന്നും പേരിട്ടു.
2026/2027 കൊടുങ്കാറ്റ് പേരുകളുടെ പൂർണ്ണ പട്ടിക (Alphabetical Order):
- Austen
- Boelo
- Chloe
- Dano
- Evelyn
- Finn
- Gwendolyn
- Heather
- Ivy
- Jade
- Kilian
- Laoise
- Miriam
- Nicola
- Olaf
- Phelim
- Ruban
- Shaun
- Theo
- Vesna
- Wende
(അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് Q, U, X, Y, Z എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല).
അയർലണ്ടിലോ യുകെയിലോ നെതർലാൻഡ്‌സിലോ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതും, മഞ്ഞയോ ഓറഞ്ചോ ചുവപ്പോ ജാഗ്രതാ നിർദ്ദേശം (Weather Warnings) പുറപ്പെടുവിക്കേണ്ടി വരുന്നതുമായ സാഹചര്യങ്ങളിലാണ് ഈ പേരുകൾ ഔദ്യോഗികമായി ഉപയോഗിക്കുക. നിലവിൽ സെപ്റ്റംബർ ആദ്യവാരം അയർലണ്ടിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ചെറിയ ബോട്ടുകൾക്ക് മെറ്റ് ഐറീൻ മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.